പെപ് ഗാർഡിയോളയോട് ഉടക്കി മാഞ്ചസ്റ്റർ സിറ്റി വിടേണ്ടിവന്ന കാൻസലോ..
ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോവോ കാൻസലോ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്. യുവന്റസിൽ നിന്നും എത്തിയതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിലെ പ്രധാന താരമായിരുന്ന കാൻസലോയെ ലോൺ കരാറിലാണ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ഈ സീസണു ശേഷം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനും ബയേൺ മ്യൂണിക്കിന് കഴിയും.
പെപ് ഗ്വാർഡിയോളയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കാൻസലോ മാഞ്ചസ്റ്റർ സിറ്റി വിടുന്നത്. ഖത്തർ ലോകകപ്പിന് ശേഷം അസ്വസ്ഥമായ മനസോടെയാണ് കാൻസലോ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. അതിനു ശേഷം അവസരങ്ങൾ കുറഞ്ഞ താരത്തെ ചെൽസിക്കെതിരായ കളിയിൽ ആദ്യപകുതി കഴിഞ്ഞപ്പോൾ തന്നെ പിൻവലിച്ചിരുന്നു. ഇതിനോട് രൂക്ഷമായാണ് കാൻസലോ പ്രതികരിച്ചത്.
ടീമിന്റെ അച്ചടക്കത്തെ ബാധിക്കുന്ന നിരവധി പ്രവർത്തനങ്ങൾ അതിനു ശേഷം കാൻസലോ നടത്തിയിട്ടുണ്ട്. ഒരു മത്സരത്തിനെത്തി ടീം ബസിൽ നിന്നും നേരിട്ട് ഡഗ് ഔട്ടിലേക്ക് നടന്നതും ടീം മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാത്തതും അതിലുൾപ്പെടുന്നു. ഇതിനു പുറമെ ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് പരിശീലകനുമായി താരം കയർത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകകപ്പിന് ശേഷം ഫോമിൽ ഇടിവ് വന്നപ്പോൾ ഗ്വാർഡിയോള വേറെ താരങ്ങൾക്ക് അവസരം നൽകിയത് കാൻസലോക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ക്ലബ് വിടുമെന്ന ഭീഷണിയും താരം മുഴക്കി. മാഞ്ചസ്റ്റർ സിറ്റി ഡ്രസിങ് റൂമിന്റെ മൊത്തം അന്തരീക്ഷത്തെ കാൻസലോയുടെ സ്വഭാവം ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് താരത്തെ ക്ലബ് ഒഴിവാക്കാൻ തീരുമാനമെടുക്കുന്നത്.
How Cancelo’s relationship with City broke down so quickly
— Sam Lee (@SamLee) January 31, 2023
▪️ Came back annoyed from World Cup
▫️ Furious after Chelsea away
▪️ Complained to team-mates
▫️ Sat on bench alone pre-Wolves
▪️ Coaching staff felt attitude was bad for group
w/ @polballus https://t.co/EImF9PK2tY
ബയേണിനെ സംബന്ധിച്ച് കാൻസലോ ടീമിലെത്തിയത് വളരെയധികം ഗുണം ചെയ്യും. ടീമിലെ ഒരു ഫുൾ ബാക്കായ പവാർദ് ഈ സീസണിനു ശേഷം ക്ലബ് വിടാൻ ഒരുങ്ങുകയാണ്. മറ്റൊരു ഫുൾബാക്കായ മസ്റൂയി പരിക്കിന്റെ പിടിയിലുമായതിനാൽ പോർച്ചുഗൽ താരത്തിന്റെ വരവ് അവർക്ക് ആശ്വാസമാണ്.