മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റാഫീഞ്ഞയെ റാഞ്ചാൻ രണ്ട് പ്രീമിയർ ലീഗ് വമ്പന്മാർ രംഗത്ത്

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ റാഫീഞ്ഞയുടെ പേര് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്ന കാര്യമാണ്. പല ടീമുകൾക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും രേഖപ്പെടുത്തിയിരുന്നില്ല.ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഇതിനിടെ റാഫീഞ്ഞയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമർ രണ്ട് മീഡിയകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് റാഫീഞ്ഞയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യമുണ്ട്.മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ടെൻ ഹാഗിന് താല്പര്യമുള്ള വ്യക്തി കൂടിയാണ് റാഫീഞ്ഞ. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ എലാങ്ക,പെല്ലിസ്ട്രി എന്നിവരിൽ ഒരാൾ ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയാൽ മാത്രമേ അദ്ദേഹത്തെ യുണൈറ്റഡിന് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ എന്നും മിറർ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മറ്റൊരു മാധ്യമമായ സ്പോർട് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്കും റാഫീഞ്ഞയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. നേരത്തെ തന്നെ അവർ ഈ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ബാഴ്സ കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. നിരവധി താരങ്ങളെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ ക്ലബ്ബാണ് ചെൽസി. അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ റാഫീഞ്ഞയുടെ പേര് കൂടി ഉയർന്നു കേൾക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഈ ബ്രസീൽ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. 55 മില്യൺ പൗണ്ട് ആയിരുന്നു അദ്ദേഹത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചിരുന്നത്.എന്നാൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 27 മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ച താരം നാല് ഗോളുകളും 7 അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.

റഫീഞ്ഞയുടെ കാര്യത്തിൽ താൻ ഹാപ്പിയാണ് എന്നുള്ളത് നേരത്തെ ബാഴ്സ പരിശീലകനായ സാവി പറഞ്ഞിരുന്നു. എന്നിരുന്നാലും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അദ്ദേഹത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഈ രണ്ട് ടീമുകളാണ് ഇപ്പോൾ താരത്തിൽ താൽപര്യം അറിയിച്ചിട്ടുള്ളത്.

1/5 - (1 vote)