പത്താം നമ്പറിൽ ഇറങ്ങിയിട്ടും ലയണൽ മെസ്സിയുടെ ശാപമായി മാറി ഫ്രഞ്ച് കപ്പും മാഴ്സെയും
കോപേ ഡി ഫ്രാൻസിൽ അഥവാ ഫ്രഞ്ച് കപ്പിൽ നടന്ന റൗണ്ട് 16 മത്സരത്തിൽ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.2-1 എന്ന സ്കോറിനാണ് പിഎസ്ജിയുടെ ബദ്ധവൈരികളായ ഒളിമ്പിക് മാഴ്സെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.
അലക്സിസ് സാഞ്ചസായിരുന്നു മാഴ്സെയെ പെനാൽറ്റിയിലൂടെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ നെയ്മർ ജൂനിയറുടെ കോർണർ കിക്കിൽ നിന്നും ഹെഡർ ഗോൾ നേടിക്കൊണ്ട് സെർജിയോ റാമോസ് പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു. പക്ഷേ അതിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. മാലിനോവ്സ്ക്കിയുടെ ഗോൾ പിഎസ്ജിക്ക് തോൽവി സമ്മാനിക്കുകയായിരുന്നു.57ആം മിനിറ്റിൽ നേടിയ ഈ ഗോളിന് മറുപടി നൽകാൻ ക്ലബ്ബിന് കഴിഞ്ഞില്ല.
ലയണൽ മെസ്സി വരുന്നതിനു മുന്നേ ഒരുപാട് തവണ പിഎസ്ജി നേടിയിട്ടുള്ള കിരീടമാണ് ഫ്രഞ്ച് കപ്പ്.പക്ഷേ കഴിഞ്ഞ സീസണിൽ പിഎസ്ജി ഇതുപോലെ നേരത്തെ പുറത്താവുകയായിരുന്നു.അതായത് ലയണൽ മെസ്സി തന്റെ കരിയറിൽ ആകെ 14 കോമ്പറ്റീഷനുകളാണ് കളിച്ചിട്ടുള്ളത്.അതിൽ 13 കിരീടങ്ങളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഈയൊരു കിരീടം മാത്രമാണ് മെസ്സിക്ക് നേടാൻ സാധിക്കാത്തത്. മെസ്സിയുടെ ശാപമായി കൊണ്ടാണ് ഫ്രഞ്ച് കപ്പ് ഇപ്പോൾ നിലകൊള്ളുന്നത്.
ഇന്നലത്തെ മത്സരത്തിൽ ലയണൽ മെസ്സി പത്താം നമ്പർ ജേഴ്സിയായിരുന്നു അണിഞ്ഞിരുന്നത്. ഫ്രഞ്ച് കപ്പിന്റെ നോക്കോട്ട് സ്റ്റേജിൽ താരങ്ങൾ നിർബന്ധമായും ഒന്ന് മുതൽ 11 വരെയുള്ള ജേഴ്സികൾ മാത്രമേ അണിയാവു എന്ന് നിയമമുണ്ട്. അതുകൊണ്ടാണ് ലയണൽ മെസ്സി 30ആം നമ്പർ ഒഴിവാക്കിക്കൊണ്ട് പത്താം നമ്പർ എടുത്തത്.നെയ്മർ ജൂനിയർ ആയിരുന്നു പതിനൊന്നാം നമ്പർ ധരിച്ചിരുന്നത്. മത്സരത്തിൽ മെസ്സിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.
Lionel Messi has played in 14 different competitions — the only that he has failed to win is the Coupe de France. pic.twitter.com/ZaZmCjmDzs
— Zach Lowy (@ZachLowy) February 8, 2023
അതുപോലെതന്നെ ഒളിമ്പിക് മാഴ്സെയും മെസ്സിക്ക് ബുദ്ധിമുട്ടേറിയ എതിരാളികളാണ്. ഇതുവരെ നാല് തവണയാണ് മെസ്സി മാഴ്സെയെ നേരിട്ടിട്ടുള്ളത്. ഇതുവരെ ഒരു ഗോളോ അസിസ്റ്റ് നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ ലയണൽ മെസ്സിക്ക് ഫ്രാൻസിൽ ഒരു തടസ്സമായി നിലകൊള്ളുകയാണ് പിഎസ്ജിയുടെ ബദ്ധവൈരികളായ ഒളിമ്പിക് മാഴ്സെ.ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ ആണ് പിഎസ്ജിയെയും ലയണൽ മെസ്സിയെയും കാത്തിരിക്കുന്നത്.