പിഎസ്ജിക്ക് നെയ്മറെ വേണ്ട,മെസ്സിയെ വേണം, എന്നാൽ മെസ്സിയും ക്ലബ്ബ് വിടാൻ ആലോചിക്കുന്നു

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി പിഎസ്ജിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.അതായത് സൂപ്പർ താരം നെയ്മർ ജൂനിയറുടെ ആറ്റിറ്റ്യൂഡിനെതിരെ പിഎസ്ജി ക്ലബ്ബ് അധികൃതർക്ക് വലിയ അമർഷമുണ്ട്.താരത്തിന് ക്ലബ്ബിനോട് വലിയ ആത്മാർത്ഥതയില്ല എന്നാണ് പലരും ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കിലിയൻ എംബപ്പേയുമായി പെനാൽറ്റി ഗേറ്റ് വിവാദമുണ്ടായിരുന്നു.എംബപ്പേയെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ടീം ഉണ്ടാക്കാനാണ് ഇപ്പോൾ ക്ലബ്ബ് ശ്രമിക്കുന്നത്.അതിന് നെയ്മർ ക്ലബ്ബ് വിടണം എന്ന നിലപാടിലേക്ക് ഇപ്പോൾ പിഎസ്ജി എത്തിക്കഴിഞ്ഞിട്ടുണ്ട്.ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയുടെ പ്രമുഖ ജേണലിസ്റ്റായ സാന്റി ഔനയാണ് ഈ വിഷയം പുറത്തേക്ക് വിട്ടിട്ടുള്ളത്. നിലവിൽ 2027 വരെയാണ് നെയ്മർക്ക് കരാറുള്ളത്.

നെയ്മറും പിഎസ്ജിയും തമ്മിലുള്ള ബന്ധം ഇക്കാലമത്രയും നല്ല നിലയിൽ ആയിരുന്നില്ല.പലപ്പോഴും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.2019 അദ്ദേഹം ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.കഴിഞ്ഞ സീസണിൽ അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. താരത്തെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അദ്ദേഹത്തിന്റെ സാലറി തന്നെയാണ് തടസ്സമായി നിലകൊള്ളുക.

സാന്റി ഔന ലയണൽ മെസ്സിയുടെ കാര്യം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് മെസ്സിയുടെ കരാർ എന്ത് വിലകൊടുത്തും പുതുക്കാൻ പിഎസ്ജി താല്പര്യപ്പെടുന്നുണ്ട്. ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസർ തന്നെ ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷേ മെസ്സി ഇതുവരെ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.മെസ്സി ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന കാര്യവും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പക്ഷേ എങ്ങനെയെങ്കിലും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്നുണ്ട്.

നെയ്മർ ക്ലബ്ബ് വിടുകയാണെങ്കിൽ ഒരുപക്ഷേ മെസ്സിയുടെ തീരുമാനത്തെ അത് സ്വാധീനിക്കാനും സാധ്യതയുണ്ട്.മെസ്സി ഫ്രീ ഏജന്റ് ആവുന്നതിനു മുന്നേ തന്നെ കരാർ പുതുക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചാൽ തീർച്ചയായും അദ്ദേഹത്തിന് ഓഫറുകൾ ലഭിക്കും.ഒരു ഫൈനൽ ഡിസിഷൻ ഇതുവരെ മെസ്സി എടുത്തിട്ടില്ല.ചുരുക്കത്തിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയും നെയ്മറും ക്ലബ്ബ് വിട്ടാലും അതിൽ അത്ഭുതപ്പെടാനില്ല.

4/5 - (3 votes)