റെക്കോർഡുകളുടെ അകലം വർധിപ്പിച്ച് റൊണാൾഡോ കുതിക്കുന്നു, ഒപ്പമെത്താൻ മെസി പാടുപെടും

സൗദി ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഗംഭീരപ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ദമാക് എഫ്‌സിയുമായി നടന്ന മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്നു ഗോളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. അൽ നസ്‌റിനു വേണ്ടിയുള്ള ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയാതിരുന്ന താരം മൂന്നാമത്തെ മത്സരത്തിൽ ആദ്യഗോൾ കുറിച്ചതിനു ശേഷം പിന്നീട് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോ ആദ്യപകുതിയിലാണ് മൂന്നു ഗോളുകളും നേടുന്നത്. ഒരു ഗോൾ കൂടി താരം നേടിയെങ്കിലും അത് ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ടു. സൗദി ലീഗിൽ ആദ്യമായാണ് ഒരു താരം ആദ്യപകുതിയിൽ ഹാട്രിക്ക് നേടുന്നത്. സൗദി ക്ലബ്ബിലേക്ക് ചേക്കേറിയതിനു ശേഷം യൂറോപ്പിലെ റെക്കോർഡുകൾ പലതും തകർത്തു കളഞ്ഞ തനിക്ക് സൗദിയിലെ റെക്കോർഡുകളാണ് ഇനി തകർക്കാനുള്ളതെന്നു പറഞ്ഞ റൊണാൾഡോ അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയാണ്.

ഇന്നലത്തെ മത്സരത്തിലെ ഹാട്രിക്കോടെ കരിയറിൽ അറുപത്തിരണ്ടാമത്തെ ഹാട്രിക്കാണ് റൊണാൾഡോ കുറിച്ചത്. മുപ്പതാം വയസിൽ മുപ്പതു ഹാട്രിക്കുകൾ നേടിയ താരം ബാക്കി മുപ്പത്തിരണ്ട് ഹാട്രിക്കുകളും അതിനു ശേഷമുള്ള എട്ടു വർഷങ്ങൾ കൊണ്ടാണ് കുറിച്ചത്. റൊണാൾഡോക്ക് പിന്നിലുള്ള മെസിക്ക് 56 ഹാട്രിക്കുകളാണുള്ളത്. സൗദി ലീഗിൽ റൊണാൾഡോയുടെ പ്രകടനം പരിഗണിക്കുമ്പോൾ കരിയർ ഹാട്രിക്ക്, കരിയർ ഗോളുകൾ എന്നിവയുടെ കാര്യത്തിൽ മെസി താരത്തെ മറികടക്കാൻ ബുദ്ധിമുട്ടുമെന്നുറപ്പാണ്.

സൗദി സൂപ്പർലീഗിൽ അൽ നസ്‌റിനായി അഞ്ചു മത്സരം കളിച്ചപ്പോൾ തന്നെ പത്ത് ഗോളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളിയായി. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം സൗദി ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. പതിമൂന്നു ഗോളുകൾ നേടിയ ആൻഡേഴ്‌സൺ ടാലിസ്‌കയാണ് ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇതേ ഫോം തുടർന്നാൽ ജനുവരിയിൽ എത്തിയ താരം ലീഗിലെ ടോപ് സ്കോററായാവും സീസൺ അവസാനിപ്പിക്കുക.

Rate this post