മുഴുവൻ ശ്രദ്ധയും റയൽ മാഡ്രിഡിന്, ജർമൻ ടീമിനൊപ്പം ചേരുന്നില്ലെന്ന് തീരുമാനിച്ച് റൂഡിഗർ

ഈ സീസണിൽ ലീഗിൽ ബാഴ്‌സലോണയ്ക്ക് പിന്നിലാണെങ്കിലും മൂന്നു കിരീടങ്ങൾ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് ഇപ്പോഴും സാധ്യതയുണ്ട്. ലാ ലീഗയിലും കോപ്പ ഡെൽ റേയിലും ബാഴ്‌സലോണക്ക് ആധിപത്യമുണ്ടെങ്കിലും ഈ രണ്ടു കിരീടങ്ങളും റയൽ മാഡ്രിഡിന് നേടാൻ ഇപ്പോഴും അവസരമുണ്ട്. അതിനു പുറമെ ചാമ്പ്യൻസ് ലീഗും നേടാൻ അവർക്ക് കഴിയും.

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ഈ സീസണിൽ ട്രെബിൾ നേടിയാലും അതിൽ അത്ഭുതപ്പെടാനില്ല. ലീഗിൽ ബാഴ്‌സയുമായി ഒൻപതു പോയിന്റ് വ്യത്യാസമുണ്ടെങ്കിലും ഒന്നാമതെത്താൻ റയലിന് കഴിയും. കോപ്പ ഡെൽ റേ സെമി ആദ്യപാദത്തിൽ ബാഴ്‌സലോണ വിജയം നേടിയെങ്കിലും രണ്ടാം പാദത്തിൽ അതിനെയും റയലിന് മറികടക്കാം. ചാമ്പ്യൻസ് ലീഗിലും റയലിന് കിരീടപ്രതീക്ഷയുണ്ട്.

മൂന്നു കിരീടങ്ങൾ ഈ സീസണിൽ നേടാൻ ഇപ്പോഴും കഴിയുമെന്നതിനാൽ തന്നെ ദേശീയ ടീമിലേക്കുള്ള വിളി വേണ്ടെന്നു വെച്ച് റയൽ മാഡ്രിഡിന് മുഴുവൻ ശ്രദ്ധയും കൊടുക്കാനാണ് പ്രതിരോധതാരമായ അന്റോണിയോ റൂഡിഗർ തീരുമാനിച്ചത്. ചെൽസിയിൽ നിന്നും ഇക്കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിൽ എത്തിയ റുഡിഗർ റയൽ മാഡ്രിഡിന്റെ പ്രധാനതാരമാണ്.

ഈ മാസം നടക്കാൻ പോകുന്ന രണ്ടു സൗഹൃദ മത്സരങ്ങൾക്കുള്ള ജർമൻ ടീമിൽ നിന്നും അന്റോണിയോ റൂഡിഗറെ ഹാൻസി ഫ്ലിക്ക് ഒഴിവാക്കിയിരുന്നു. താരത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ഒഴിവാക്കലെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗടക്കം മൂന്നു ടൂർണമെന്റുകളിൽ കളിക്കുന്ന റുഡിഗാർക്ക് അപ്രധാനമായ മത്സരങ്ങളിൽ നിന്നും ഒഴിവ് നൽകാൻ ഫ്ലിക്കിനു പൂർണ്ണസമ്മതമാണ്.

റയൽ മാഡ്രിഡ് താരത്തിന് പുറമെ ബയേൺ മ്യൂണിക്ക് കളിക്കാരനായ ലിറോയ് സാനെ, തോമസ് മുള്ളർ എന്നിവരെയും ജർമൻ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് പുതിയ താരങ്ങൾക്ക് അവസരം ലഭിക്കാൻ സഹായിക്കും. സൗഹൃദമത്സരങ്ങളിൽ ആദ്യം പെറുവിനെയും അതിനു ശേഷം ബെൽജിയത്തെയുമാണ് ജർമനി നേരിടുന്നത്.