ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിലൊന്നാവാൻ സൗദി ലീഗിന് കഴിയുമെന്ന് റൊണാൾഡോ |Cristiano Ronaldo
ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച ട്രാൻസ്ഫറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ക്ലബ് വിട്ട റൊണാൾഡോ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കരാറാണ് അൽ നസ്റുമായി ഒപ്പിട്ടത്.
അൽ നസ്റിൽ എത്തിയതിനു ശേഷം തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും ഇപ്പോൾ മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ജനുവരിയിൽ ക്ളബിലെത്തിയ താരം ഒൻപതു ഗോളുകൾ ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു. നിലവിൽ സൗദി ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അൽ നസ്റിന് റൊണാൾഡോയുടെ കരുത്തിൽ കിരീടം നേടാമെന്ന പ്രതീക്ഷയുണ്ട്.
സൗദിയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫർ താരത്തിന്റെ കരിയറിൽ സംഭവിച്ച ഒരു താഴോട്ടു പോക്കായാണ് ഏവരും വിലയിരുത്തിയത്. എന്നാൽ താരം പറയുന്നത് അതിനു വിപരീതമാണ്. വളരെയധികം മത്സരം നിറഞ്ഞ ലീഗാണ് സൗദിയിലേതെന്നും ഭാവിയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗായി മാറാൻ കഴിയുമെന്നും താരം പറയുന്നു.
“സൗദി ലീഗ് പ്രീമിയർ ലീഗല്ല, പക്ഷെ വളരെ മത്സരം നിറഞ്ഞതാണ്. എനിക്ക് പോസിറ്റിവായ അനുഭവമാണ് ഇവിടെ നിന്നും ലഭിച്ചത്, അത് ഞാൻ നുണ പറയുകയല്ല. ഇവരുടെ പദ്ധതികൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോയാൽ അഞ്ചോ ആറോ ഏഴോ വർഷങ്ങൾക്ക് ശേഷം ലോകത്തിലെ തന്നെ മികച്ച അഞ്ചു ലീഗുകളിൽ ഒന്നായി സൗദി ലീഗ് മാറും.” റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo on Al Nassr move: “Saudi’s is very competitive league. It's not Premier League, I'm not going to lie, but it's a league that left me positively surprised” 🇸🇦🤝🏻
— Fabrizio Romano (@FabrizioRomano) March 22, 2023
“In 5,6,7 years, if they continue with the plan, it will be the 4th, 5th league in the world”. pic.twitter.com/Yy4BcRLJ1A
റൊണാൾഡോ ട്രാൻസ്ഫറോടെ സൗദിയുടെ പദ്ധതികൾ വളരെ വലുതാണെന്നു തന്നെയാണ് മനസിലാക്കാൻ കഴിയുന്നത്. റൊണാൾഡോക്ക് പിന്നാലെ ലയണൽ മെസിയെ ലീഗിലെത്തിക്കാനും അവർക്ക് പദ്ധതിയുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ വമ്പൻ ട്രാൻസ്ഫറുകൾ സൗദി ക്ലബുകൾ നടത്താൻ തന്നെയാണ് സാധ്യത.