കരിയറിലെ മോശം സമയമായിരുന്നു, ആരൊക്കെ കൂടെയുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവ് ആരാധകരും താരവും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിച്ച താരത്തെ പെട്ടന്നുള്ള ട്രാൻസ്‌ഫറിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം പോർച്ചുഗൽ താരത്തിന് നടത്താൻ കഴിഞ്ഞില്ല.

ആദ്യത്തെ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാനോ ടോപ് ഫോറിൽ എത്തിക്കാനോ റൊണാൾഡോക്ക് കഴിഞ്ഞില്ല. എറിക് ടെൻ ഹാഗ് ടീമിലെത്തിയതോടെ അവസരങ്ങളും കുറഞ്ഞ താരം ഒടുവിൽ ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. കഴിഞ്ഞ ദിവസം അതേക്കുറിച്ച് റൊണാൾഡോ സംസാരിക്കുകയുണ്ടായി.

“ചിലപ്പോൾ നമ്മുടെ പക്ഷത്ത് ആരൊക്കെ നിൽക്കുന്നുവെന്നു കാണാൻ ചില കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും. പ്രയാസകരമായ ഘട്ടത്തിൽ, നിങ്ങളുടെ പക്ഷത്ത് ആരൊക്കെയുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. എനിക്ക് ഒരു പ്രശ്‌നവുമില്ല, എനിക്ക് മോശം കരിയർ റൺ ഉണ്ടായിരുന്നു, പക്ഷേ പശ്ചാത്തപിക്കാൻ സമയമില്ല.” അദ്ദേഹം സ്പോർട്ട് ടിവി പ്ലസിനോട് പറഞ്ഞു.

“നന്നായി ചെയ്‌താലും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുന്നു. അത് എന്റെ വളർച്ചയുടെ ഭാഗമായിരുന്നു. നമ്മൾ മലയുടെ മുകളിലുള്ളപ്പോൾ, താഴെയുള്ളത് പലപ്പോഴും കാണാൻ കഴിയില്ല. ഇപ്പോൾ ഞാൻ കൂടുതൽ തയ്യാറാണ്, ആ തിരിച്ചറിവ് പ്രധാനമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ സംഭവിച്ച കാര്യങ്ങളിലൂടെ ഞാൻ ഒരിക്കലും കടന്നു പോയിട്ടില്ല. ഇപ്പോൾ ഞാനൊരു മികച്ച മനുഷ്യനാണ്.” റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡ് തുകയുടെ കരാറിൽ സൗദി ലീഗിലേക്കാണ് ചേക്കേറിയത്. അവിടെ മികച്ച പ്രകടനം നടത്തുന്ന താരം പോർച്ചുഗലിന്റെ യൂറോ കപ്പ് യോഗ്യത മത്സരത്തിനായി ഇറങ്ങാനിരിക്കയാണ്. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിനു കീഴിൽ ആദ്യത്തെ മത്സരമാണിത്.

3.1/5 - (8 votes)