മൂന്നു സൂപ്പർതാരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് പിഎസ്‌ജി, സൗദി അറേബ്യൻ ലീഗിലെത്താൻ സാധ്യത
ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ് പിഎസ്‌ജി. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് അതിന്റെ ഏറ്റവും കൂടിയ രൂപം കണ്ടത്. ലയണൽ മെസി, സെർജിയോ റാമോസ്, ഡോണറുമ്മ, ഹക്കിമി എന്നീ താരങ്ങളെ പിഎസ്‌ജി യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ലക്ഷ്യമിട്ട് ക്ലബിലെത്തിച്ചു.
എന്നാൽ വമ്പൻ താരങ്ങളല്ല, സന്തുലിതമായ ഒരു ടീമാണ് കിരീടങ്ങൾ നേടാൻ വേണ്ടതെന്ന് പിഎസ്‌ജി കഴിഞ്ഞ രണ്ടു സീസണിൽ മനസിലാക്കി. വമ്പൻ താരങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പ്രീ ക്വാർട്ടറിൽ പുറത്താവുകയായിരുന്നു പിഎസ്‌ജി. ഇതോടെ ക്ലബ് നേതൃത്വം മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മറിൽ ടീമിലെ മൂന്നു സൂപ്പർതാരങ്ങളെ ഒഴിവാക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി, സെർജിയോ റാമോസ് എന്നിവർക്കൊപ്പം ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറെയും ടീമിൽ നിന്നും ഒഴിവാക്കാനാണ് ഫ്രഞ്ച് ക്ലബിന്റെ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഈ മൂന്നു താരങ്ങളും വമ്പൻ പ്രതിഫലമാണ് വാങ്ങുന്നത്. ക്ലബിന്റെ വേതനബിൽ കൂടുതലായതിനാൽ തന്നെ പുതിയ താരങ്ങളെ വാങ്ങുന്നതിൽ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇത് ടീമിന്റെ സന്തുലിതാവസ്ഥ നഷ്‌ടമാകാൻ ഒരു പരിധി വരെ കാരണമാവുകയും ചെയ്യുന്നു. ഇതിനു പരിഹാരം ഉണ്ടാക്കാൻ കൂടി വേണ്ടിയാണ് ഈ താരങ്ങളെ ഒഴിവാക്കുന്നത്.
Messi, Neymar, Ramos may join Ronaldo in Saudi Arabia league https://t.co/IPWYF4jikx pic.twitter.com/tagKL301fR
— Vanguard Newspapers (@vanguardngrnews) March 27, 2023
നെയ്‌മർക്ക് ഇനിയും കരാർ ബാക്കിയുള്ളതിനാൽ താരത്തെ ഒഴിവാക്കുക പിഎസ്‌ജിയെ സംബന്ധിച്ച് ചെറിയൊരു വെല്ലുവിളിയാണ്. അതേസമയം മെസിയുടെയും റാമോസിന്റെയും കാര്യത്തിൽ അതൊരു വിഷയമല്ല. ഈ രണ്ടു താരങ്ങളും സൗദി ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മെസിയുടെ കാര്യത്തിൽ അത് സംഭവിക്കാൻ സാധ്യത കുറവാണ്.