സിദാൻ പിഎസ്ജിയുടെ പരിശീലകനാവും,പക്ഷേ നെയ്മറുടെ കാര്യത്തിൽ ഒരു നിബന്ധനയുണ്ട്.

വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി പോയിക്കൊണ്ടിരിക്കുന്നത്.ഈ വർഷം നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങി കഴിഞ്ഞു.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും പിഎസ്ജി പരാജയപ്പെടുകയായിരുന്നു. റെന്നസ്,ലിയോൺ എന്നിവരായിരുന്നു താരസമ്പന്നമായ പാരിസിനെ പരാജയപ്പെടുത്തിയത്.

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ ഉടൻതന്നെ പുറത്താക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.മറിച്ച് ഈ സീസണിന് ശേഷം അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമായേക്കും.താരസമ്പന്നമായ ഈ സ്‌ക്വാഡിനെ നല്ല രൂപത്തിൽ മാനേജ് ചെയ്യാൻ കെൽപ്പുള്ള ഒരു പരിശീലകനെയാണ് ക്ലബ്ബിന് ഇപ്പോൾ ആവശ്യം.ക്ലബ്ബ് ഒരുപാട് കാലമായി പരിഗണിക്കുന്ന ഒരു പരിശീലകനാണ് സിനദിൻ സിദാൻ.

ഫ്രാൻസ് പരിശീലക സ്ഥാനത്തിന് വേണ്ടി കാത്തിരുന്ന സിദാന് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു ദിദിയർ ദെഷാപ്സ് കരാർ പുതുക്കിയത്.അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ക്ലബ്ബ് ഫുട്ബോൾ പരിശീലക രംഗത്തേക്ക് സിദാൻ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അദ്ദേഹത്തെ എത്തിക്കാൻ പിഎസ്ജി ഇപ്പോഴും ശ്രമങ്ങൾ തുടരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ പ്രമുഖ സ്പാനിഷ് മീഡിയയായ മുണ്ടോ ഡിപ്പോർട്ടിവോ പുറത്തുവിട്ടിട്ടുണ്ട്.

അതായത് ക്ലബ്ബിന്റെ പരിശീലകനാകുന്നതിൽ സിദാന് ഇപ്പോൾ എതിർപ്പൊന്നുമില്ല. പക്ഷേ ടീമിലെ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ട്.അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ നിന്നും നെയ്മർ ജൂനിയറെ ഒഴിവാക്കണം എന്നാണ് സിദാന്റെ നിബന്ധന.അദ്ദേഹത്തിന്റെ പ്ലാനുകളിൽ ഇടമില്ലാത്ത ഒരു താരമാണ് നെയ്മർ.

2027 വരെയാണ് നെയ്മർക്ക് നിലവിൽ ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്.പരിക്ക് മൂലം വിശ്രമിക്കുന്ന നെയ്മർ അടുത്ത സീസണിലാണ് മടങ്ങിയെത്തുക.അദ്ദേഹത്തെ ഒഴിവാക്കാൻ പിഎസ്ജി താല്പര്യപ്പെടുന്നുണ്ടെങ്കിലും ക്ലബ്ബ് വിടില്ല എന്ന നിലപാടിലാണ് നെയ്മർ ഉള്ളത്.ഏതായാലും മുണ്ടോ ഡിപ്പോർട്ടിവോ പുറത്ത് വിട്ട റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.

Rate this post