നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളിയെ വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ് |Emi Martinez
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എമിലിയാനോ മാർട്ടിനസ്. 2021ൽ മാത്രം ടീമിനായി അരങ്ങേറ്റം കുറിച്ചതിനു ശേഷം പിന്നീട് അർജന്റീനയുടെ പ്രധാന ഗോൾകീപ്പറായി മാറിയ താരത്തിന്റെ ആത്മവിശ്വാസവും മികവും നിരവധി തവണ ടീമിനെ രക്ഷിച്ചിട്ടുണ്ട്.
2021ൽ നടന്ന കോപ്പ അമേരിക്കയിലാണ് അർജന്റീന ആരാധകർ എമിലിയാനോ മാർട്ടിനസിന്റെ മികവ് ആദ്യമായി കണ്ടത്. കൊളംബിയക്കെതിരെ നടന്ന ഷൂട്ടൗട്ടിൽ എതിരാളികളെ പ്രകോപിതരാക്കാൻ ശ്രമിച്ച് അവരുടെ കിക്കുകൾ തടഞ്ഞിട്ട താരം ഫൈനലിലേക്കുള്ള അർജന്റീനയുടെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി. ഫൈനലിൽ ബ്രസീലിനെതിരെയും മിന്നുന്ന സേവുകളുമായി എമിലിയാനോ തിളങ്ങി.
ഖത്തർ ലോകകപ്പിലാണ് എമിലിയാനോ മാർട്ടിനസ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. പല മത്സരങ്ങളിലും നിർണായകമായ സേവുകൾ നടത്തിയ താരം ക്വാർട്ടർ ഫൈനലിലും ഫൈനലിലും ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയായി. അർജന്റീന ലോകകപ്പ് നേടിയിട്ടുണ്ടെങ്കിൽ അതിനു നന്ദി പറയേണ്ടത് എമിലിയാനോ മാർട്ടിനസിനോടു കൂടിയാണ്.
എതിരാളികൾക്ക് മേൽ എല്ലായിപ്പോഴും മാനസികമായ ആധിപത്യം നേടാറുള്ള എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളിയെ വെളിപ്പെടുത്തുകയുണ്ടായി. ബ്രസീലിയൻ താരമായ നെയ്മറാണ് തനിക്ക് ബുദ്ധിമുട്ടുള്ള എതിരാളിയെന്നാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞത്. ഗോളിനോട് സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
Emi Martínez: “The best player I’ve ever played against is Neymar.” @goal 🗣️🇦🇷 pic.twitter.com/y98KSHlA3N
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 5, 2023
ബ്രസീലിനെതിരെ രണ്ടു മത്സരങ്ങൾ മാത്രമാണ് എമിലിയാനോ മാർട്ടിനസ് കളിച്ചിരുന്നത്. അതിലൊരെണ്ണം 2021 കോപ്പ അമേരിക്ക ഫൈനലായിരുന്നു. അതിനു ശേഷം ഒരു ലോകകപ്പ് യോഗ്യത മത്സരത്തിലും രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടി. രണ്ടു മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടാൻ എമിലിയാനോ മാർട്ടിനസിനു കഴിഞ്ഞിരുന്നു.