റൊണാൾഡോ സൗദിയിലേക്ക് പോയതിൽ പാഠം ഉൾക്കൊണ്ട് കരിം ബെൻസീമ,റയൽ മാഡ്രിഡിൽ തുടരാൻ തീരുമാനം|Karim Benzema

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടാനുള്ള പ്രധാന കാരണം പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഫലം വർധിപ്പിച്ചുള്ള പുതിയ കരാർ നൽകാൻ റൊണാൾഡോ ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റായ പെരസ് അത് നിരസിച്ചതിനെ തുടർന്നാണ് താരം റയൽ മാഡ്രിഡ് വിട്ടു യുവന്റസിലേക്ക് ചേക്കേറിയത്.

റയൽ മാഡ്രിഡ് വിട്ടതിനു ശേഷം റൊണാൾഡോയുടെ കരിയർ താഴേക്കാണ് പോയത്. ഇറ്റലിയിൽ ഏതാനും കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന ആധിപത്യം താരത്തിന് തുടരാൻ കഴിഞ്ഞില്ല. ഒടുവിൽ ഇറ്റലിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും അതിനു ശേഷം സൗദി അറേബ്യയിലേക്കുമാണ് റൊണാൾഡോ എത്തിയത്.

റയൽ മാഡ്രിഡ് വിടുന്നത് കരിയറിൽ പിറകോട്ടു പോക്കാണെന്ന പാഠം റൊണാൾഡോ നൽകിയതിനാൽ തന്നെയായിരിക്കാം ക്ലബ് വിടാനുള്ള ഓഫർ നിലവിൽ ടീമിന്റെ സൂപ്പർതാരമായ കരിം ബെൻസിമ നിരസിച്ചിട്ടുണ്ട്. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു സൗദി അറേബ്യൻ ക്ലബിൽ നിന്നുമുള്ള വമ്പൻ തുകയുടെ ഓഫറാണ് ഫ്രഞ്ച് താരം നിരസിച്ചത്.

റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി നിരവധി വർഷങ്ങളായി ബെൻസിമ ഉണ്ടെങ്കിലും ഈ സീസണിൽ താരത്തിനു പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് നേരിടേണ്ടി വന്നു. അടുത്ത സീസണിൽ താരത്തിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഊർജ്ജിതമാക്കുന്നുണ്ട്. ബെൻസിമക്ക് അവസരങ്ങൾ കുറയുമെന്ന് ഇത് വ്യക്തമാക്കുന്നു.

അതേസമയം റയൽ വിടാൻ താനില്ലെന്നാണ് ബെൻസിമയുടെ നിലപാട്. ഈ സീസണോടെ കരാർ അവസാനിക്കുമെങ്കിലും റയൽ മാഡ്രിഡ് അത് പുതുക്കി നൽകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരം കിരീടനേട്ടങ്ങളിലേക്ക് റയലിനെ നയിച്ചാൽ ലോസ് ബ്ലാങ്കോസ് കരാർ പുതുക്കി നൽകുമെന്നുറപ്പാണ്.

4.6/5 - (11 votes)