എതിരാളികൾ റയലാണെങ്കിലും പേടിക്കേണ്ട കാര്യമില്ല, ആത്മവിശ്വാസത്തോടെ എൻസോ ഫെർണാണ്ടസ്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരങ്ങളിലെ വമ്പൻ പോരാട്ടങ്ങളിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ഏതാനും സീസണുകളായി റയൽ മാഡ്രിഡും ചെൽസിയും സ്ഥിരമായി ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് റൗണ്ടുകളിൽ ഏറ്റുമുട്ടാറുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിൽ കിരീടം നേടിയ ടീമും അവരായിരുന്നു.
2020-21 സീസണിൽ ചെൽസി റയൽ മാഡ്രിഡിനെ സെമി ഫൈനലിൽ കീഴടക്കിയപ്പോൾ കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ ചെൽസിയുടെ വെല്ലുവിളി വമ്പൻ തിരിച്ചുവരവിൽ മറികടന്നാണ് റയൽ മാഡ്രിഡ് മുന്നേറിയത്. നിലവിലെ സാഹചര്യത്തിൽ റയൽ മാഡ്രിഡിന് മുൻതൂക്കം ഉണ്ടെങ്കിലും അവരെ പേടിക്കേണ്ട കാര്യമില്ലെന്നാണ് അർജന്റീന താരം എൻസോ ഫെർണാണ്ടസ് പറയുന്നത്.
“ഫുട്ബോളിൽ സമ്മർദ്ദം ഇല്ലാതിരിക്കാനാണ് ഞാനെപ്പോഴും ശ്രമിക്കുക, അതിനെ ആസ്വദിക്കാനാണ് ഞാൻ നോക്കുന്നത്. ഈ മത്സരത്തിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിലും സമ്മർദ്ദമൊന്നുമില്ല, ഞാൻ ആസ്വദിക്കാനാണ് ശ്രമിക്കുക. പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ല, മികച്ചൊരു ഷോ നടത്താമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.” എൻസോ ഫെർണാണ്ടസ് പറഞ്ഞു.
2018ൽ കോപ്പ ലിബർട്ടഡോസ് ഫൈനൽ ബെർണാബുവിൽ നടന്നതും എൻസോ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. അന്ന് റിവർപ്ലേറ്റിന്റെ താരമായിരുന്നു എൻസോ. ആരാധകർ ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം അർജന്റീനയിൽ നിന്നും സ്പൈനിലേക്ക് മാറ്റിയ ഫൈനലിൽ റിവർപ്ലേറ്റാണ് വിജയവും കിരീടവും സ്വന്തമാക്കിയത്.
Enzo Fernández: “I try not to have pressure in football, just to enjoy it. There is responsibility in this match but there is no pressure, I always try to enjoy. You don't have to be afraid and lets hope tomorrow is a big show.” 🗣️🇦🇷 pic.twitter.com/xXFG8MYE6Y
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 11, 2023
അതേസമയം ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ചെൽസിക്ക് ആശ്വസിക്കാൻ വകയൊന്നുമില്ല. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുന്ന റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ ചെൽസി മോശം ഫോമിലാണ്. എന്നാൽ സീസണിൽ ആകെ ബാക്കിയുള്ള കിരീടത്തിനായി പൊരുതാൻ തന്നെയാവും ചെൽസിയുടെ ഉദ്ദേശം.