‘രാവിലെ എണീക്കുമ്പോൾ നടക്കാൻ പോലും സാധിക്കുന്നില്ല’- ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ലെവൻഡോസ്‌കി

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ലെവൻഡോസ്‌കി മികച്ച പ്രകടനമാണ് ടീമിനൊപ്പം നടത്തിയിരുന്നത്. എന്നാൽ ലോകകപ്പിന് ശേഷം താരത്തിന്റെ ഫോമിൽ മങ്ങലുണ്ടായിട്ടുണ്ട്. ഒരു ടീം പ്ലേയർ എന്ന നിലയിൽ ലെവൻഡോസ്‌കി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഗോളടിക്കുന്നതിലുള്ള മികവാണ് ഇപ്പോൾ പുറത്തെടുക്കാൻ കഴിയാത്തത്.

അതിനിടയിൽ തന്നെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ഇപ്പോൾ പോളണ്ട് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിനെതിരായ മത്സരത്തിനിടെ എഡർ മിലീറ്റാവോയുടെ ഫൗളിൽ നടുവിന് പരിക്ക് പറ്റിയത് തന്നെ വളരെയധികം അലട്ടുന്നുണ്ടെന്നും ചിലപ്പോൾ രാവിലെ നടക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നുമാണ് താരം പറയുന്നത്.

“റയൽ മാഡ്രിഡിനെതിരെ സംഭവിച്ച ഇടിയാണിതിന് കാരണം, പക്ഷെ എനിക്ക് കളിക്കാൻ തന്നെയായിരുന്നു ആഗ്രഹം. റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിലെ സെക്കൻഡ് ഹാഫിൽ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു, എനിക്ക് പകരക്കാരനെ ഇറക്കാൻ ആവശ്യപ്പെടേണ്ടി വന്നു.” ഒരു ചാരിറ്റി ഇവന്റിൽ സംസാരിക്കുമ്പോൾ ലെവൻഡോസ്‌കി പറഞ്ഞു.

“കഴിഞ്ഞ ദിവസം എണീറ്റപ്പോൾ എനിക്ക് നടക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, പക്ഷെ കുഴപ്പമില്ലാതെ കളിക്കാൻ ഞാൻ ശ്രമിക്കുന്നു. ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കളത്തിൽ ഞാൻ നന്നായി തുടരണം, പക്ഷെ മിലിറ്റാവോയുടെ ഇടി എന്നെ ബാധിച്ചിട്ടുണ്ട്.” താരം പറഞ്ഞു.

ഈ സീസണിലിതു വരെ പതിനേഴു ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോസ്‌കിയാണ് ലീഗിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പതിനാലു ഗോളുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബെൻസിമയിൽ നിന്നും ലെവൻഡോസ്‌കിക്ക് ഭീഷണി ഉണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ഗോളുകൾ നേടി അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് താരമുള്ളത്.

2.7/5 - (4 votes)