സാമ്പത്തിക പ്രതിസന്ധിക്കിടയിലും രണ്ടു താരങ്ങളുമായി കരാറിലെത്തി ബാഴ്‌സലോണ
ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മുൻ മാനേജ്‌മെന്റിന്റെ ദിശാബോധമില്ലാത്ത സൈനിംഗുകളും വമ്പൻ തുക പ്രതിഫലം നൽകിയുള്ള കരാറുകൾക്കുമൊപ്പം കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ബാഴ്‌സലോണ വീണു പോയി.
എന്നാൽ ഈ പ്രതിസന്ധികളുടെ ഇടയിലും മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയ്ക്ക് കഴിയുന്നുണ്ട്. ഫ്രീ ഏജന്റായ താരങ്ങളെ പ്രതിഫലം കുറച്ച് ടീമിലെത്തിക്കുകയെന്ന തന്ത്രമാണ് ബാഴ്‌സലോണ അവലംബിക്കുന്നത്. അതല്ലാതെയുള്ള താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞ സമ്മറിൽ ക്ലബിന്റെ ആസ്തികളിൽ ചിലത് വിവിധ കരാറിലൂടെ ബാഴ്‌സലോണ വിൽക്കുകയും ചെയ്‌തിരുന്നു.
അടുത്ത സീസണിലേക്ക് ടീമിനെ മെച്ചപ്പെടുത്താൻ സമാനമായ രീതി തന്നെയാണ് ബാഴ്‌സലോണ പിന്തുടരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ തന്നെ രണ്ടു താരങ്ങളുമായി ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്. ഈ രണ്ടു താരങ്ങളും ഈ സീസൺ കഴിയുന്നതോടെ അവരുടെ ക്ലബുമായുള്ള കരാർ അവസാനിക്കുമെന്നത് കൊണ്ട് തന്നെയാണ് ബാഴ്‌സ കരാറിലെത്തിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായ ഗുൻഡോഗൻ, അത്‌ലറ്റിക് ക്ലബിന്റെ പ്രതിരോധതാരമായ ഇനിഗോ മാർട്ടിനസ് എന്നിവരെയാണ് ബാഴ്‌സലോണ അടുത്ത സീസണിലേക്കായി സ്വന്തമാക്കുന്നത്. ഇരുവരും ക്ലബ്ബിലേക്ക് വരാൻ സമ്മതം മൂളിയിട്ടുണ്ട്. എന്നാൽ ഈ സീസണിന് ശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിടുകയുള്ളൂ.
✨ FC Barcelona's first two signings this summer:
— Managing Barça (@ManagingBarca) April 13, 2023
✅ İlkay Gündoğan
✅ Inigo Martinez pic.twitter.com/EUla6bwCBZ
ഈ സീസണിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ കിരീടം ഏറെക്കുറെ ഉറപ്പിച്ചതു പോലെയാണ് നിൽക്കുന്നത്. ഇതിനു പുറമെ സ്‌പാനിഷ് സൂപ്പർകപ്പ് കിരീടവും ടീം സ്വന്തമാക്കി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. പുതിയ താരങ്ങളെത്തി അടുത്ത സീസണിൽ ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ.