അൽ-നസറിന്റെ തോൽവിയുടെ ഉത്തരവാദി റൊണാൾഡോ, തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയത് രണ്ടുവട്ടം |Cristiano Ronaldo

ഈ സീസണിൽ സ്വന്തമാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു കിരീടപ്പോരാട്ടത്തിൽ നിന്നു കൂടി റൊണാൾഡോയുടെ ടീമായ അൽ നസ്ർ പുറത്തു പോയിരിക്കുകയാണ്. സൗദി പ്രൊ ലീഗിൽ പതിമൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീമായ അൽ വഹ്ദയോട് ഒരു ഗോളിന്റെ തോൽവി വഴങ്ങി സൗദി കിങ്‌സ് കപ്പ് സെമിയിലാണ് റൊണാൾഡോയുടെ ടീമായ അൽ നസ്ർ പുറത്തു പോയത്.’

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പത്തു പേരായി അൽ വഹ്ദ ചുരുങ്ങിയെങ്കിലും വിജയം നേടാൻ അൽ നസ്റിന് കഴിഞ്ഞില്ല. ഗോളിനായി അവർ പരമാവധി ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ലഭിച്ച രണ്ടു സുവർണാവസരങ്ങൾ തുലച്ചു കളഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസ്‌റിന്റെ തോൽ‌വിയിൽ ഉത്തരവാദിയാണെന്നതിൽ സംശയമില്ല.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചത്. വിങ്ങിൽ നിന്നും വന്ന ക്രോസ് ക്ലോസ് റേഞ്ചിൽ നിന്നും വലയിലേക്ക് എത്തിക്കാൻ റൊണാൾഡോക്ക് കഴിയുമായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറുടെ നേർക്കാണ് പോയത്. ഗോൾകീപ്പറുടെയും അതിനു ശേഷം റൊണാൾഡോയുടെയും ദേഹത്ത് തട്ടി അത് പുറത്തു പോവുകയും ചെയ്‌തു.

മറ്റൊരു അവസരം രണ്ടാം പകുതിയിലായിരുന്നു ലഭിച്ചത്. വിങ്ങിൽ നിന്നും വന്ന ക്രോസ് ഗോളിലേക്കെത്തിക്കാൻ റൊണാൾഡോക്ക് മികച്ച അവസരമാണ് ലഭിച്ചതെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തു പോയി. എൺപത്തിയൊന്നാം മിനുട്ടിൽ ലഭിച്ച ആ അവസരം ഗോളാക്കി മാറ്റിയിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മാറുമായിരുന്നുവെന്നതിൽ സംശയമില്ല.

സൗദി ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അൽ നസ്റിന് സ്വന്തമാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു കിരീടമായിരുന്നു കിങ്‌സ് കപ്പ്. എന്നാൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ സൗദിയിലെ ആദ്യ സീസൺ കിരീടമില്ലാതെ റൊണാൾഡോക്ക് പൂർത്തിയാക്കേണ്ടി വരും. സീസണിനിടെ പരിശീലകനെ പുറത്താക്കിയതും ടീമിനെ ബാധിച്ചുവെന്ന് വേണം കരുതാൻ.

Rate this post