നെയ്മർ ജൂനിയർ പ്രീമിയർ ലീഗിലേക്കോ? മുന്നോട്ടുവന്ന് രണ്ട് ക്ലബ്ബുകൾ

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ക്ലബ്ബുമായി 2027 വരെയുള്ള ഒരു കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.പക്ഷേ നെയ്മറുടെ കാര്യത്തിൽ ക്ലബ്ബ് ഒട്ടും സംതൃപ്തരല്ല.തുടർച്ചയായ പരിക്കുകളും വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്തതുമൊക്കെ ക്ലബ്ബിന് അതൃപ്തി ഉണ്ടാക്കുന്ന കാര്യമാണ്.അതിനെക്കാളും ഉപരി താരത്തിന്റെ ആറ്റിറ്റ്യൂഡും ജീവിതശൈലിയുമൊക്കെ ഫ്രാൻസിൽ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായതാണ്.

നെയ്മർ ജൂനിയറെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ പുറത്തേക്ക് വന്ന കാര്യമാണ്.പക്ഷേ ക്ലബ്ബ് വിടാൻ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നില്ല.അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് തന്നെയാണ് ഇപ്പോഴും തന്റെ ലക്ഷ്യമെന്ന് നെയ്മർ പറഞ്ഞിരുന്നു.നിലവിൽ സർജറി കഴിഞ്ഞ് വിശ്രമത്തിലാണ് നെയ്മർ ഉള്ളത്.

പക്ഷേ വരുന്ന സമ്മർ ട്രാൻസ്ഫർ മാർക്കറ്റിൽ നെയ്മർ ലഭ്യമായിരിക്കും.അദ്ദേഹത്തിന് വേണ്ടിവരുന്ന ഓഫറുകൾ കേൾക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്.ഒന്ന് ചെൽസിയാണ്.അവരുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലി നേരത്തെ തന്നെ ഇഷ്ടം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ.ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർക്ക് വേണ്ടി ചെൽസി ശ്രമങ്ങൾ നടത്തിയേക്കും.

മറ്റൊരു ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.ഈ വർഷത്തിന്റെ തുടക്കം തൊട്ട് തന്നെ നെയ്മർ ജൂനിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ട് എന്നാണ് ഫൂട്ട് മെർക്കാറ്റോ കണ്ടെത്തിയിട്ടുള്ളത്.പക്ഷേ നെയ്മറെ കൺവിൻസ് ചെയ്യുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.മാത്രമല്ല പിഎസ്ജിയിൽ വലിയ സാലറിയാണ് നെയ്മർ കൈപ്പറ്റുന്നത്.അതിന് സമാനമായ ഒരു സാലറി നൽകാൻ യുണൈറ്റഡിന് സാധിക്കുമോ എന്നുള്ളതും കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.

നെയ്മറുടെ ഈ ഉയർന്ന സാലറി യഥാർത്ഥത്തിൽ പിഎസ്ജിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.അതുകൊണ്ടുതന്നെ നെയ്മർക്ക് വേണ്ടി രംഗത്ത് വരുന്ന ക്ലബ്ബുകളുടെ എണ്ണം കുറവാണ്.മാത്രമല്ല നെയ്മർക്ക് ഈ സാലറി മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ലഭിച്ച മതിയാവു എന്ന നിലപാടാണ് ഉള്ളത്.ചുരുക്കത്തിൽ അടുത്ത സീസണിലും നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യതകൾ കാണുന്നത്.എന്നിരുന്നാലും ഈ രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ താരത്തിന് വേണ്ടി ശ്രമങ്ങൾ തുടർന്നേക്കും.

3.7/5 - (3 votes)