റയൽ മാഡ്രിഡിൽ വമ്പൻ നീക്കം, ആൻസിലോട്ടിക്ക് പകരക്കാരനായി സിദാൻ തിരിച്ചെത്തും.

സൂപ്പർ പരിശീലകൻ സിനദിൻ സിദാനെ തിരികെ കൊണ്ടുവരാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. നിലവിൽ റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുന്നത് കാർലോ ആഞ്ചലോട്ടിയാണ്. ആഞ്ചലോട്ടിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. ആഞ്ചലോട്ടി പുതിയ കരാറിൽ ഒപ്പുവെക്കുമോ എന്നുള്ള കാര്യം ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിദാനെ വീണ്ടും പരിശീലകനായി കൊണ്ടുവരാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നത്.

പ്രമുഖ കായിക മാധ്യമമായ ഫുട് മെർകാറ്റൊയുടെ ജേർണലിസ്റ്റ് സാന്റി ഔനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഞ്ചലോട്ടി പരിശീലകസ്ഥാനം ഒഴിയുകയാണെങ്കിൽ പകരക്കാരനായി സിദാനെയാണ് സ്പാനിഷ് വമ്പന്മാർ ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്.

2016 മുതൽ 2018 വരെയും 2019 മുതൽ 2021 വരെയും റയൽ മാഡ്രിഡിന്റെ സീനിയർ ടീമിനെ പരിശീലിപ്പിച്ചയാളാണ് സിദാൻ. ഈ കാലയളവിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗടക്കം നിരവധി കിരീടങ്ങളും സിദാൻ നേടിക്കൊടുത്തിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സിദാൻ ഒരു ടീമിനെയും ഇതുവരെയും പരിശീലിപ്പിച്ചിട്ടില്ല.

ദേശീയ ടീമായ ഫ്രാൻസിനെ പരിശീലിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദശാംപ്സിന് ഫ്രാൻസ് ഫുട്ബോൾ പുതിയ കരാർ നൽകിയതോടെ സിദാന്റെ ആ മോഹം അവസാനിക്കുകയായിരുന്നു. അതേസമയം കാർലോ ആഞ്ചലോട്ടി റയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാൽ അദ്ദേഹം ബ്രസീൽ ദേശീയ ടീമിനെ ആയിരിക്കും പരിശീലിപ്പിക്കുക. കാരണം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത് ആഞ്ചലോട്ടിക്കാണ്.

3.8/5 - (5 votes)