പണം തനിക്ക് പ്രധാനമല്ല, വമ്പൻ ഓഫർ നിരസിച്ച് ലയണൽ മെസി |Lionel Messi

ഫുട്ബോൾ താരങ്ങൾ കൂടുതൽ പണത്തിനു പിന്നാലെ പായുമ്പോൾ അതിൽ നിന്നും വ്യത്യസ്തനാവുകയാണ് ലയണൽ മെസി. ഇതുവരെ പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറാകാത്ത ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. എന്നാൽ ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ അതിനൊരുപാട് കടമ്പകൾ മറികടക്കാനുണ്ടെന്ന് ലയണൽ മെസിക്ക് വ്യക്തമായ ധാരണയുണ്ട്.

നിലവിൽ ശാന്തനായി ബാഴ്‌സലോണയുടെ ഓഫറും കാത്തിരിക്കുകയാണ് താരം. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് വ്യക്തമായ അറിവുള്ളതിനാൽ പ്രായോഗികമായ രീതിയിൽ തന്നെയാണ് ലയണൽ മെസി ഇതിനെ സമീപിക്കുന്നത്. ബാഴ്‌സലോണ കഠിനമായ ശ്രമം നടത്തിയാൽ പോലും ചിലപ്പോൾ തന്നെ സ്വന്തമാക്കാൻ കഴിഞ്ഞേക്കില്ലെന്ന് ലയണൽ മെസിക്ക് ധാരണയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ മെസിയെ സ്വന്തമാക്കാനുള്ള പദ്ധതി ലാ ലിഗ നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനു അനുമതി കിട്ടിയില്ലെങ്കിൽ സമർപ്പിക്കാൻ മറ്റൊരു പദ്ധതി കൂടി അവരുടെ കയ്യിലുണ്ട്. അതിനു അനുമതി ലഭിച്ചാൽ ഉടനെ തന്നെ മെസിക്ക് ഒഫിഷ്യൽ ഓഫർ ക്ലബ് നൽകും. പ്രതിഫലം എത്രയാണെന്നു കൂടി ചിന്തിക്കാതെ ബാഴ്‌സയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന മെസി ഓഫർ വന്നാലുടൻ അതിൽ ഒപ്പു വെക്കും.

ഏതെങ്കിലും സാഹചര്യത്തിൽ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ പദ്ധതികൾ വിജയം കണ്ടില്ലെങ്കിൽ പിഎസ്‌ജിയുടെ ഓഫർ ഇപ്പോഴും മെസിയെ കാത്തിരിക്കുന്നുണ്ട്. അതിനു പുറമെ സൗദി അറേബ്യയിൽ നിന്നുള്ള ഒരു ക്ലബ് നേരത്തെ നൽകിയ കരാർ കൂടുതൽ മെച്ചപ്പെടുത്തി നൽകാമെന്ന വാഗ്‌ദാനവും മെസിക്ക് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്ന മെസി ബാഴ്‌സയിൽ എത്തിയില്ലെങ്കിൽ പിഎസ്‌ജിയിൽ തുടരാനാണ് സാധ്യത.

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജിയിൽ തന്നെ പുതിയ കരാർ ഒപ്പിടാനിരിക്കയായിരുന്നു. എന്നാൽ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ തോൽപിച്ചതോടെ ഫ്രഞ്ച് ആരാധകരിൽ വലിയൊരു വിഭാഗം എതിരായത് താരത്തിന്റെ നിലപാടിൽ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരാൻ തീവ്രമായ ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചത്.