മെസിക്ക് മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മാത്രം, ആരാധകരെ ഞെട്ടിച്ച് യുവേഫ |Lionel Messi
ചാമ്പ്യൻസ് ലീഗ് നേട്ടത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നിലാണ് ലയണൽ മെസി. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനുമായി അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ അഞ്ചു ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിലും നിർണായക പങ്കു വഹിക്കാൻ പോർച്ചുഗൽ താരത്തിന് കഴിയുകയും ചെയ്‌തിരുന്നു.
അതേസമയം ലയണൽ മെസിയുടെ പേരിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണുള്ളത്. അതിൽ മൂന്നെണ്ണത്തിൽ മാത്രമേ ലയണൽ മെസി പ്രധാന പങ്കു വഹിച്ചിട്ടുള്ളൂ. 2006ൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയപ്പോൾ മെസി ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും അന്ന് ടീമിലെ പ്രധാന താരമായിരുന്നില്ല അർജന്റീന താരം. അതിനു ശേഷം 2009, 2011, 2015 വർഷങ്ങളിലാണ് മെസി ചാമ്പ്യൻസ് ലീഗ് നേടിയത്.
എന്നാൽ കഴിഞ്ഞ ദിവസം യുവേഫ വെബ്‌സൈറ്റിൽ വന്ന അപ്‌ഡേറ്റ് പ്രകാരം ലയണൽ മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നഷ്‌ടമായിട്ടുണ്ട്. 2005-2006 വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് മെസിയുടെ പേരിൽ നിന്നും ഒഴിവാക്കപ്പെട്ടത്. മെസിക്ക് മൂന്നു ചാമ്പ്യൻസ് ലീഗ് നേട്ടങ്ങൾ മാത്രമേ ഉള്ളൂവെന്നാണ് യുവേഫ വെബ്‌സൈറ്റ് പറയുന്നത്.
2006ൽ ആഴ്‌സനലിനെ ഫൈനലിൽ കീഴടക്കിയാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഈ ഫൈനൽ പോരാട്ടത്തിനുള്ള സ്‌ക്വാഡിൽ ലയണൽ മെസി ഉണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് ആ വർഷത്തെ ലയണൽ മെസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ഒഴിവാക്കിയതെന്നാണ് യുവേഫ നൽകിയ വിശദീകരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
UEFA officially said that Messi has only won 3 Champions league pic.twitter.com/FTi1PqmWud
— Travis 🇶🇦 (@UTDTravis) April 30, 2023
ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസി എത്തുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് യുവേഫയുടെ ഭാഗത്തു നിന്നും ഇതുണ്ടാകുന്നത്. യുവേഫ ഇതിൽ ഉറച്ചു നിന്നാൽ ചാമ്പ്യൻസ് ലീഗ് റെക്കോർഡിന്റെ കാര്യത്തിൽ റൊണാൾഡോയെ മറികടക്കുക എന്നത് ലയണൽ മെസിയെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും.