ഇരുപാദങ്ങളിലും ഗോളടിക്കാനാവാതെ ഹാലാൻഡ്, മൂന്നു മിനുട്ട് കൊണ്ടു ഗോളടിച്ച് ജൂലിയൻ അൽവാരസ്

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങളിൽ സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡ് തിളങ്ങുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു ഗോൾ പോലും താരത്തിന് നേടാൻ കഴിഞ്ഞില്ല. ആദ്യപാദത്തിൽ പൂർണമായും നിശബ്‌ദനായ താരം രണ്ടാംപാദത്തിൽ മൂന്നു ഷോട്ടുകൾ ഉതിർത്തെങ്കിലും മൂന്നും റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ ക്വാർട്ടുവ തടുത്തിടുകയായിരുന്നു.

റയൽ മാഡ്രിഡിനെതിരെ നടന്ന ആദ്യപാദ മത്സരത്തിൽ ഒരു പകരക്കാരനെ പോലും പെപ് ഗ്വാർഡിയോള ഇറക്കാതിരുന്നതിനാൽ ഹാലാൻഡിന്റെ ബാക്കപ്പായി കളിക്കുന്ന ജൂലിയൻ അൽവാരസിനു അവസരം ലഭിച്ചില്ലായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ നോർവീജിയൻ താരത്തിന് പകരമിറങ്ങിയ അൽവാരസ് രണ്ടു പാടങ്ങളിലും ഹാലാൻഡിനു കഴിയാതിരുന്ന കാര്യം അനായാസമാണ് നടപ്പിലാക്കിയത്.

മത്സരം അവസാനിക്കാനിരിക്കെ എൺപത്തിയെട്ടാം മിനുട്ടിലാണ് അൽവാരസ് പകരക്കാരനായി ഇറങ്ങിയത്. മൂന്നു മിനിറ്റിനകം താരം റയൽ മാഡ്രിഡിന്റെ വല കുലുക്കി. ഫിൽ ഫോഡൻ നൽകിയ മികച്ചൊരു പാസ് പിടിച്ചെടുത്ത താരം അത് വളരെ അനായാസമായി ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് പായിക്കുമ്പോൾ റയൽ മാഡ്രിഡ് ഗോൾകീപ്പർക്ക് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ഈ സീസണിന്റെ തുടക്കത്തിലാണ് അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ഹാലാൻഡ് ടീമിലുള്ളതിനാൽ പകരക്കാരനായി മാറിയ താരം താൻ വെറുമൊരു പകരക്കാരനായി കളിക്കേണ്ട താരമല്ലെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിലും ഏതാനും മിനുട്ടുകൾ മാത്രം കളിച്ച് അത് വീണ്ടും തെളിയിക്കാൻ അർജന്റീന താരത്തിനായി.

ലോകകപ്പിൽ ലയണൽ മെസിക്ക് പിന്നിൽ അർജന്റീന ടീമിന്റെ ടോപ് സ്‌കോറർ ആയിരുന്ന അൽവാരസിനു അവസരം കുറവാണെങ്കിലും മികച്ച പ്രകടനമാണ് കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം നടത്തുന്നത്. പ്രീമിയർ ലീഗിൽ പതിനൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി എട്ടു ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്‌ത്‌ മൂന്നു ഗോളും നേടിയിട്ടുണ്ട്.

Rate this post