ആ വേദനയാണ് റയൽ മാഡ്രിഡിനെ തകർക്കാൻ കരുത്തേകിയത്, പെപ് ഗ്വാർഡിയോള പറയുന്നു

മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം കഴിഞ്ഞപ്പോൾ യൂറോപ്പിലെ രാജാക്കന്മാരായ റയൽ മാഡ്രിഡിനെ പെപ് ഗ്വാർഡിയോളയും സംഘവും നിഷ്പ്രഭരാക്കുകയാണ് ചെയ്‌തത്‌. ആദ്യരണ്ടാം പാദത്തിൽ ഓരോ ഗോളുകൾ നേടി രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാംപാദത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.

മത്സരത്തിന്റെ നിയന്ത്രണം പൂർണമായും മാഞ്ചസ്റ്റർ സിറ്റിയുടെ കൈകളിൽ ആയിരുന്നു. റയൽ മാഡ്രിഡ് ആകെ ഒരു ഷോട്ട് മാത്രം ഗോളിലേക്ക് ഉതിർത്തപ്പോൾ ക്വാർട്ടുവയുടെ മികച്ച സേവുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇതിലും വലിയ വിജയം നിഷേധിച്ചത്. മത്സരത്തിന് ശേഷം കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ തോൽവിയുടെ വേദനയാണ് റയൽ മാഡ്രിഡിനെതിരെ പ്രചോദനം നൽകിയതെന്ന് ഗ്വാർഡിയോള പറഞ്ഞു.

“ശാന്തതയും അതുപോലെ തന്നെ ഇതുപോലെയൊരു മത്സരം കളിക്കാനുള്ള ആഗ്രഹവുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തിൽ ഞങ്ങൾ അനുഭവിച്ച വേദന മുഴുവൻ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. ആ തോൽവി വലിയൊരു ക്ഷീണമായിരുന്നു. വിഷം കഴിച്ചതു പോലെയൊരു അനുഭവമാണ് ഉണ്ടായിരുന്നത്.”

“ഒരു വർഷത്തെ ഊർജ്ജം മുഴുവൻ ഉണ്ടായിരുന്നു. വിനയമുള്ള ടീമാണിവർ, ഞാൻ അഭിമാനിക്കുന്നു. എല്ലാ മത്സരങ്ങളെയും വളരെ ഗൗരവത്തോടെയാണ് ഇവർ കാണുന്നത്. എനിക്ക് അഹങ്കാരം ഇഷ്‌ടമല്ല. നമ്മളല്ലാത്ത ഒരു കാര്യം ആണെന്ന് വിശ്വസിക്കുകയാണത്. ഇന്ന് ടീമിന് പ്രതിഫലം ലഭിച്ചു, ജീവിതം എല്ലായിപ്പോഴും രണ്ടാമതൊരു അവസരം നൽകും.” ഗ്വാർഡിയോള പറഞ്ഞു.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെതിരെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും എക്‌സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകൾ റയൽ മാഡ്രിഡിന് വിജയം നൽകി. അന്നത്തെ ആ തോൽവി സിറ്റിക്ക് മറക്കാൻ പ്രയാസമാണ്. എന്നാൽ ഒരു വർഷത്തിനിപ്പുറം ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടാനുള്ള അവസരമാണ് ടീമിന് വന്നു ചേർന്നിരിക്കുന്നത്.

4.8/5 - (65 votes)