ബാഴ്‌സലോണ നാളെ കിരീടമുയർത്തും, ഗാർഡ് ഓഫ് ഓണർ നൽകാൻ റയൽ സോസിഡാഡ്

ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ക്ലബാണ് ബാഴ്‌സലോണ. മുൻ നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു പോയ ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ പോലുമെത്തില്ലെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ സാവി പരിശീലകനായതിനു ശേഷം കുതിപ്പ് കാണിച്ച ടീം ലീഗിൽ രണ്ടാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ചു.

കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തു നിന്നും ഈ സീസൺ തുടങ്ങിയ ബാഴ്‌സലോണ നാല് മത്സരങ്ങൾ ശേഷിക്കെ ലീഗ് കിരീടം സ്വന്തമാക്കിക്കഴിഞ്ഞു. എസ്‌പാന്യോളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം സ്വന്തമാക്കിയതോടെയാണ് റയൽ മാഡ്രിഡിനെ പിന്നിലാക്കി ബാഴ്‌സലോണ ലീഗ് കിരീടം ഉറപ്പിച്ചത്.

ചിരവൈരികളായ എസ്‌പാന്യോളിനെ മൈതാനത്ത് കിരീടം നേടിയത് ആഘോഷിക്കാൻ അവരുടെ ആരാധകർ സമ്മതിച്ചില്ലായിരുന്നു. മൈതാനത്തിറങ്ങിയ ആരാധകർ ബാഴ്‌സലോണ താരങ്ങളെ ഓടിച്ചു വിട്ടു. എന്നാൽ അടുത്ത മത്സരത്തിൽ സ്വന്തം മൈതാനത്തിറങ്ങുമ്പോൾ ബാഴ്‌സലോണ കിരീടം ഉയർത്തിമെന്നും വിജയം നേടിയതിന്റെ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും തീർച്ചയായിട്ടുണ്ട്.

ലീഗിൽ നാലാം സ്ഥാനത്തുള്ള ടീമായ റയൽ സോസിഡാഡ് ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലീഗ് കിരീടം ബാഴ്‌സലോണ നേടിയതിന്റെ ആദരവ് അറിയിക്കാനാണ് സോസിഡാഡ് ഗാർഡ് ഓഫ് ഓണർ നൽകുന്നത്. കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ നേടിയ റയൽ ബെറ്റിസിന് ബാഴ്‌സലോണ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു.

തീർത്തും ആധികാരികമായാണ് ബാഴ്‌സലോണ ലീഗ് വിജയം നേടിയത്. ബാഴ്‌സലോണ വളരെയധികം പതറിയ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പതിമൂന്നായിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങൾ ശേഷിക്കെ റയൽ മാഡ്രിഡിനെക്കാൾ പതിനാലു പോയിന്റ് മുന്നിലാണ് കാറ്റലൻ ക്ലബ് നിൽക്കുന്നത്.