റൊണാൾഡോയെ ജർമനിയിലെത്തിക്കണം, സ്വന്തമാക്കാൻ സഹായം നൽകാമെന്ന് ബിസിനെസ്‌മാൻ

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും മികച്ച പ്രകടനം നടത്തുന്ന താരം പക്ഷെ യൂറോപ്പിൽ നിന്നും പോവുകയുണ്ടായി. ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്.

അൽ നസ്റിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും റൊണാൾഡോ അവിടെ ഒട്ടും തൃപ്‌തനല്ലെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങി വരാൻ താരം ആഗ്രഹിക്കുന്നുണ്ടെന്നും ഈ സമ്മറിൽ അതിനു ശ്രമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടയിൽ റൊണാൾഡോയെ സ്വന്തമാക്കാൻ ജർമൻ ക്ലബായ ബയേണിനു സഹായം വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് ജർമനിയിലെ ബിസിനസുകാരനായ മാർക്കസ് ഷോൺ.

റൊണാൾഡോക്കായി നിശ്ചയിച്ചതിലുമധികം ട്രാൻസ്‌ഫർ ഫീസോ അല്ലെങ്കിൽ ലോൺ ഫീസോ വരികയാണെങ്കിൽ അത് തങ്ങളുടെ കമ്പനിക്ക് ഏറ്റെടുക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അതിന്റെ ഭാഗമായി കമ്പനി പ്രതിസന്ധിയിലേക്ക് പോകാതിരിക്കാൻ ബയേൺ മ്യൂണിക്കിന്റെ ജേഴ്‌സി വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം തരേണ്ടി വരുമെന്നും അദ്ദേഹം ഒലിവർ ഖാന് അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നു.

റൊണാൾഡോയുടെ കടുത്ത ആരാധകനായതു കൊണ്ടാണ് മാർക്കസ് ഷോൺ താരത്തെ ജർമനിയിൽ എത്തിക്കാൻ ശ്രമം നടത്തുന്നത്. ഇതിനു മുൻപും റൊണാൾഡോയെ സ്വന്തമാക്കാൻ ബയേണിന് അവസരമുണ്ടായിരുന്നു. എന്നാൽ അവരത് വേണ്ടെന്നു വെക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ റൊണാൾഡോയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ശ്രമം നടത്തുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.

Rate this post