ബ്രസീലിന്റെ ‘ നെക്സ്റ്റ് നെയ്മർ ‘ ലിവർപൂളിലേക്ക്?
അടുത്ത നെയ്മർ എന്ന വിശേഷണം ചാർത്തി കിട്ടിയ താരമാണ് ബ്രസീലിന്റെ മുന്നേറ്റനിര താരം ടാല്ലസ് മാഗ്നോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ക്ലബുകളുടെ ആകർഷണം പിടിച്ചുപറ്റാൻ സാധിച്ച താരമാണ് മാഗ്നോ. കഴിഞ്ഞ വർഷം അണ്ടർ 17 വേൾഡ് കപ്പ് ചാമ്പ്യൻമാരായ ബ്രസീലിലെ നിർണായകസാന്നിധ്യം ഈ താരമായിരുന്നു. നെയ്മറിന്റെ കളി ശൈലിയോട് സാമ്യം പുലർത്തുന്നതിനാൽ ബ്രസീലുകാർ തന്നെയാണ് താരത്തെ അടുത്ത നെയ്മർ എന്ന് വിശേഷിപ്പിച്ചത്. ഇപ്പോഴിതാ താരം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.
According to reports in Brazil, Liverpool are in pole position to sign Vasco Da Gama’s 18 year old forward Talles Magno. The youngster has offers from several big European clubs, but his heart is said to be set on a move to Anfield. pic.twitter.com/YfyP82uCEy
— Added Liverpool (@LiverpoolAdded) August 11, 2020
നിലവിൽ ബ്രസീലിയൻ ക്ലബ് വാസ്കോ ഡാ ഗാമയുടെ താരമാണ് ഈ പതിനെട്ടുകാരൻ. ഈ സീസണിൽ പതിനഞ്ച് മത്സരങ്ങൾ മാത്രമായിരുന്നു ബ്രസീലിയൻ ലീഗിൽ താരത്തിന് കളിക്കാനായത്. തുടർന്ന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്ത് പൂർണ്ണസജ്ജനായി തിരിച്ചു വന്നിട്ടുണ്ട്. താരത്തെ വിൽക്കാൻ വാസ്കോ ഡാ ഗാമ തയ്യാറുമാണ്. കോവിഡ് പ്രശ്നം മൂലം ഗുരുതരസാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ് താരത്തെ വിൽക്കാൻ നിർബന്ധിതരാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ യൂറോപ്പിലെ പ്രമുഖർ രംഗത്ത് വന്നിരുന്നു. എസി മിലാൻ, ചെൽസി, റയൽ മാഡ്രിഡ്, ബാഴ്സലോണ, പിഎസ്ജി എന്നിവരെല്ലാം തന്നെ താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്തുണ്ടായിരുന്നു. എന്നാൽ താരത്തിനാവട്ടെ ലിവർപൂളിനോടാണ് ഇഷ്ടം. മുൻപ് മാർക്കിഞ്ഞോസ്, ഡേവിഡ് നെരസ്, ഓസ്‌കാർ, ഡേവിഡ് ലൂയിസ് എന്നിവരുടെ ഏജന്റ് ആയിരുന്ന ഗിലിയാനോ ബെർടോലുച്ചിയാണ് താരത്തിന്റെ ഏജന്റ്. അദ്ദേഹം ലിവർപൂളുമായി സംസാരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
Liverpool continue to be linked with Talles Magno… pic.twitter.com/yofBkmQ3X7
— Liverpool FC News (@LivEchoLFC) August 11, 2020
2022 വരെയാണ് മാഗ്നോക്ക് ഗാമയിൽ കരാറുള്ളത്. 48 മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ ഇരുപത് മില്യൺ യുറോയാണ് ലിവർപൂൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാസ്കോ ഡ ഗാമ ഇത് അംഗീകരിച്ചേക്കും. പുതിയ യുവതാരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്. വെർണറെ നോട്ടമിട്ടിരുന്നുവെങ്കിലും ചെൽസി റാഞ്ചുകയായിരുന്നു. മാഗ്നോയെ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ഭാവിയിലേക്ക് ഒരു മുതൽകൂട്ടാവും എന്നാണ് ലിവർപൂളിന്റെ കണക്കുകൂട്ടലുകൾ.