എന്ത് വിധിയിത്!! കപ്പുകളില്ലാതെ ക്രിസ്റ്റ്യാനോയെ ദൗർഭാഗ്യം വേട്ടയാടുന്നു, സൗദിയിലെ പുതിയ രാജാവ് അൽ ഇതിഹാദ്
ഇംഗ്ലണ്ടും സ്പെയിനും ഇറ്റലിയും യൂറോപ്പും കീഴടക്കി പണചാക്കുകളുമായി കാത്തിരുന്ന ഏഷ്യയിലെ സൗദി ലീഗും കീഴടക്കാൻ മിഡിൽ ഈസ്റ്റിലേക്ക് വന്ന ലോകഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടിതെറ്റി. നിർഭാഗ്യം പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പുകളിലാതെ മറ്റൊരു ഫുട്ബോൾ സീസൺ കൂടി അവസാനിപ്പിക്കുകയാണ്.
സൗദിയിലെ പ്രമുഖ ടൂർണമെന്റുകളിൽ നിന്നെല്ലാം ഇതിനകം പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ലീഗ് കിരീടം നേടാമെന്ന മോഹത്തോടെയാണ് സീസൺ അവസാനത്തിനെ സമീപിച്ചത്. എന്നാൽ അവസാനം വരെ പൊരുതിയ മഞ്ഞകുപ്പായക്കാർ ഒടുവിൽ ഒരു മത്സരം ശേഷിക്കേ സൗദി പ്രോ ലീഗ് കിരീടം കൈവിടുകയായിരുന്നു.
സൗദി പ്രോ ലീഗിൽ നടന്ന മത്സരത്തിൽ മൂന്നു പോയന്റ് ലീഡിൽ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന അൽ ഇതിഹാദ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ ഫൈഹയെ തോൽപിച്ചതോടെ 69പോയന്റുമായി ടേബിളിൽ കുതിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ഷഹരലി ഒരു ഗോൾ സ്കോർ ചെയ്ത് തുടങ്ങിയപ്പോൾ റോമരീഞ്ഞോ ഇരട്ടാഗോലുകളുമായി എത്തി അൽ ഇതിഹാദിനെ പ്രോ ലീഗ് കിരീടം ചൂടിച്ചു.
അതേസമയം സൗദി പ്രോ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ കിരീടമത്സരാർത്തിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ടീം ഒരു ഗോൾ സമനിലയിൽ കുരുങ്ങിയതോടെ അഞ്ച് പോയന്റ് ലീഡ് നേടിയ അൽ ഇതിഹാദ് ഒരു മത്സരം ശേഷിക്കെയാണ് കിരീടം നേടിയത്. ആദ്യ പകുതിയിൽ ലീഡ് നേടിയ അൽ ഇതിഫാകിനെതിരെ രണ്ടാം പകുതിയിൽ ടാലിസ്കയിലൂടെ അൽ നസ്ർ തിരിച്ചെടിച്ചെങ്കിലും വിജയഗോൾ നേടാൻ ക്രിസ്റ്റ്യാനോക്കും സംഘത്തിനുമായില്ല.
Al Nassr miss out on the title as Al Ittihad are named Saudi Pro League champions ❌ pic.twitter.com/sLsYCdU3pT
— B/R Football (@brfootball) May 27, 2023
പുതിയ ഉയരങ്ങൾ കീഴടക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ടുവന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ നിരവധി കപ്പുകളും കിരീടങ്ങളും നേടുമെന്നായിരുന്നു ആരാധകർ വിശ്വസിച്ചത്. എന്നാൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം നിർഭാഗ്യം വേട്ടയാടുന്ന പോർച്ചുഗീസ് നായകന് കപ്പുകളില്ലാത്ത നിരാശയുടെ മറ്റൊരു സീസൺ സമ്മാനിക്കുകയായിരുന്നു സൗദിയിലെ ഫുട്ബോൾ കരിയർ. യൂറോപ്പിലേക്ക് താരം തിരിച്ചുപോകുമെന്ന റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആരാധകരുടെ ആഗ്രഹം കൂടിയാണ് താരത്തിന്റെ യൂറോപ്യൻ തിരിച്ചുവരവ്.