❝ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനൊരുങ്ങി ടോട്ടൻഹാം സൂപ്പർ താരം ❞
16 വർഷം നീണ്ടു നിന്ന ടോട്ടൻഹാം ബന്ധം ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബിലേക്ക് പോകാൻ സ്പർസ് ചെയർമാൻ ഡാനിയൽ ലെവി കെയ്ന് അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്. ടോട്ടൻഹാം താരത്തിന്റെ ട്രാൻസ്ഫർ വാർത്ത ഇംഗ്ലീഷ് പത്രമായ സൺ ആണ് പുറത്തു വിട്ടത്. 160 മില്യൺ വിലമതിക്കുന്ന ഒരു കരാറിലാവും താരം പെപ് ഗ്വാർഡിയോളയുടെ സിറ്റിയിൽ ചേരാനൊരുങ്ങുന്നത്. ഈ ഡീൽ നടന്നാൽ പിഎസ്ജി താരം നെയ്മറിന് പിന്നിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരനായി കെയ്ൻ മാറും. ആഴ്ചയിൽ 400,000 ഡോളർ പ്രതിഫലം വാങ്ങി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന കളിക്കാരനായി ഇംഗ്ലീഷുകാരൻ മാറും. നാല് മുതൽ അഞ്ചു വർഷത്തെ കരാറിലാവും താരത്തെ സിറ്റി സ്വന്തമാക്കുക. 2024 വരെ ടോട്ടൻഹാമുമായി കരാറുള്ള കെയ്‌നിനെ വിട്ടു നൽകാൻ ക്ലബ് ചെയർമാൻ ലെവി നേരത്തെ വിമുഖത കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരുമാനം മാറ്റുകയായിരുന്നു.
“എന്റെ കരിയറിന്റെ അവസാനത്തിൽ വരാനും പശ്ചാത്തപിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല,അതിനാൽ, എനിക്ക് ആകാൻ കഴിയുന്ന ഏറ്റവും മികച്ച ആളാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിന്റെ ബാക്കി കാലം ഞാൻ സ്പർസിൽ തുടരുമെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടില്ല. ഞാൻ സ്പർസിനെ ഉപേക്ഷിക്കുമെന്ന് ഒരിക്കലും പറയില്ല.എനിക്ക് ഇനിയും ഒരു കരിയർ കളിക്കാനുണ്ടെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു.”ഗാരി നെവില്ലിന് നൽകിയ അഭിമുഖത്തിൽ കെയ്ൻ പറഞ്ഞിരുന്നു. ദേശീയ ടീമിലെ സ്റ്റെർലിങ് കെയ്ൻ കൂട്ട്കെട്ട് സിറ്റിയിലും കൊണ്ട് വരാനാണ് പരിശീലകൻ പെപ് ശ്രമിക്കുന്നത്. ബാഴ്സലോണയിലേക്ക് പോയ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് പകരക്കാരൻ ആയാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ സിറ്റി കാണുന്നത്.
Harry Kane will be Premier League’s best paid player after Man City transferhttps://t.co/wChe6swDIk pic.twitter.com/zDWOWgezXu
— The Sun Football ⚽ (@TheSunFootball) July 23, 2021
ടോട്ടൻഹാമിന് വേണ്ടി 336 കളികളിൽ നിന്ന് 221 തവണ കെയ്ൻ സ്കോർ ചെയ്തിട്ടുണ്ട് 27 കാരൻ.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായും ടോപ് അസ്സിസ്റ് മേക്കറുമാണ് കെയ്ൻ . ലീഗിൽ 23 ഗോളുകൾ നേടിയ കെയ്ൻ 14 അസിസ്റ്റുകൾ നേടി. എന്നാൽ ടോട്ടൻഹാമിനൊപ്പം കരിയറില്‍ ഓര്‍ത്തുവെക്കാന്‍ വലിയ കിരീട വിജയങ്ങളില്ലാത്തത് ഇംഗ്ലീഷ് സൂപ്പര്‍ സ്‌ട്രൈക്കറെ വേട്ടയാടുന്നുണ്ട്. അടുത്ത സീസണിൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാത്തതും ഇംഗ്ലീഷ് സ്‌ട്രൈക്കർ മാറി ചിന്തിക്കാൻ കാരണമായി മാറി.
സെർജിയോ അഗ്യൂറോയുടെ പരിക്കുകളും ഗബ്രിയേൽ ജീസസിന്റെ സ്ഥിരതയില്ലാത്ത പ്രകടനവും കാരണം കഴിഞ്ഞ സീസണിൽ ഒരു റെഗുലർ സ്‌ട്രൈക്കർ ഇല്ലാതെയാണ് സിറ്റി കളിച്ചിരുന്നത്. ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഒരു സ്‌ട്രൈക്കറുടെ അഭാവം സിറ്റി നിരയിൽ കാണാമായിരുന്നു.സമീപഭാവിയിൽ യൂറോപ്യൻ കിരീടം മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സ്‌ട്രൈക്കറുടെ സേവനം അത്യാവശ്യമായി വന്നതോടെയായാണ് കെയ്‌നിലേക്ക് തിരിഞ്ഞത്.സിറ്റി പോലെയുള്ള ക്ലബിന് അനുയോജ്യമായ താരം കൂടിയാണ് കെയ്ൻ.