❝പെലെയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബ്രസീലിയൻ വിസ്മയം, പതിനേഴാം വയസില്‍ ക്ലബ്ബ് ലോകകപ്പ് ജേതാവ്, ഇന്നത്തെ അവസ്ഥ ❞
അടുത്ത പെലെ എന്നായിരുന്നു പാറ്റോയെ ബ്രസീലിയന്‍ ഫുട്ബോള്‍ ലോകം വിശേഷിപ്പിച്ചത്. ഫിഫ അംഗീകൃത ചാമ്പ്യന്‍ഷിപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പെലെയുടെ റെക്കോര്‍ഡ് ഭേദിച്ചായിരുന്നു പാറ്റോ വരവറിയിച്ചത്. ബ്രസീലിയന്‍ ക്ലബ്ബ് ഇന്റര്‍നാഷണലിന് 2006 ല്‍ ക്ലബ്ബ് ലോക കപ്പ് നേടിക്കൊടുത്ത പാറ്റോ പെലെയെ പോലെ പതിനേഴാം വയസിലെ അത്ഭുതമായി. 2008 ലും പെലെയുടെ റെക്കോര്‍ഡ് പാറ്റോ തകര്‍ത്തു. ബ്രസീലിനായി അരങ്ങേറ്റത്തില്‍ ഏറ്റവും വേഗത്തില്‍ ഗോളടിച്ച പെലെയുടെ റെക്കോര്‍ഡായിരുന്നു ഇത്തവണ പാറ്റോ സ്വന്തം പേരിലാക്കിയത്.
ഫുട്ബോള്‍ ഇതിഹാസത്തിന്റെ ചവിട്ടുപടികള്‍ പിന്തുടരുകയല്ല, അതിനും മുകളില്‍ കയറി നില്ക്കാന് പരിശ്രമിച്ച പാറ്റോയെ യൂറോപ്യന്‍ ക്ലബ്ബുകള്‍ ആഗ്രഹിച്ചു. ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന് 28 ദശലക്ഷം ഡോളറിന് പാറ്റോയെ സ്വന്തമാക്കി. 2008-09 സീസണില്‍ നാപോളിക്കെതിരെ ആയിരുന്നു പാറ്റോയുടെ ഇറ്റാലിയന്‍ സീരി എ ലീഗ് അരങ്ങേറ്റം. പത്തൊമ്പതു വയസുകാരന് സീസണില്‍ പതിനെട്ട് ഗോളുകള്‍ നേടി. മിലാന്റെ ടോപ് സ്കോറര്‍ പട്ടം ബ്രസീലിന്റെ യുവ വിസ്മയത്തിന്. ആ വര്‍ഷം ഒക്ടോബറില്‍ റയല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ മിലാന് ജയം നേടിക്കൊടുത്ത ഇരട്ട ഗോളുകളും പാറ്റോയുടെ പ്രശസ്തി വര്‍ധിപ്പിച്ചു.
എന്നാല്‍, തുടര്‍ പരിക്കുകള്‍ പാറ്റോയുടെ കരിയറിനെ ബാധിക്കാന്‍ തുടങ്ങി. മൂന്ന് വര്‍ഷം കൊണ്ട് പാറ്റോയുടെ മിലാനിലെ ഗ്രാഫ് താഴ്ന്നു. 2013 ല്‍ ഇറ്റലിയോട് വിട ചൊല്ലിയ പാറ്റോയെ മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളും തേടി വന്നില്ല. ബ്രസീലിലെ കോറിന്ത്യന്‍സിലേക്കായിരുന്നു മടക്കം. ആദ്യ രണ്ട് വര്‍ഷം സ്ഥിരം ലൈനപ്പില്‍ ഇടം പിടിച്ച പാറ്റോക്ക് അവിടെയും ഫോം നഷ്ടമായി. സാവോ പോളോയിലേക്ക് ലോണില്‍ പോയ പാറ്റോ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്കി. 2016 ല്‍ ചെല്‍സിയിലെത്താന്‍ സഹായകമായി ഈ പ്രകടനം. പ്രീമിയര്‍ ലീഗ് അരങ്ങേറ്റത്തില്‍ ഗോളടിച്ച പാറ്റോക്ക് ആറ് മാസം കൊണ്ട് ചെല്‍സി വിടേണ്ടി വന്നു. കോറിന്ത്യന്‍സിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ലാ ലിഗയിലെ വിയ്യാറയലാണ് സ്ഥിരം കരാര്‍ നല്‍കിയത്. അതുപക്ഷേ, ചെറിയ വേതനത്തിനായിരുന്നു. 2016-17 സീസണില്‍ വിയ്യാറയലിനായി ആറ് ഗോളുകള്‍ മാത്രമാണ് നേടിയത്. യൂറോപ്പ് വിട്ട് ചൈനീസ് ക്ലബ്ബ് ടിയാന്‍ജിന്‍ ക്വുന്ജിയാനിലെത്തിയ പാറ്റോ ഏഷ്യന്‍ ഫുട്ബോളില്‍ കരുത്തറിയിച്ചു. രണ്ട് സീസണില്‍ നിന്ന് 36 ഗോളുകള്‍ നേടി. ടിയാന്‍ജിനില്‍ കളിക്കാന്‍ സാധിച്ചത് ജീവിതത്തിലെ മനോഹരമായ അനുഭവമായിട്ടാണ് പാറ്റോ വിലയിരുത്തുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യോഗ്യത നേടിയത് പാറ്റോ കളിച്ചപ്പോഴായിരുന്നു.
2019 ല്‍ സാവോപോളോയിലേക്ക് മടങ്ങിയ പാറ്റോ അവിടെ 34 മത്സരങ്ങള്‍ കളിച്ചു. ഒമ്പത് ഗോളകള് നേടി. 2020 ഓഗസ്റ്റില്‍ കരാര്‍ പൂര്‍ത്തിയായി. മറ്റ് ക്ലബ്ബുകളുമായി കരാറിലെത്താന്‍ പാറ്റോക്ക് സാധിച്ചിട്ടില്ല. പതിനേഴാം വയസില്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായ താരത്തിന് മുപ്പത്തൊന്നാം വയസില്‍ കളിക്കാന്‍ ക്ലബ്ബ് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. യൂറോപ്പിലേക്ക് തിരിച്ചു പോകണം, മിലാനില്‍ കളിക്കാന്‍ സാധിച്ചാല്‍ ഏറെ സന്തോഷം – പാറ്റോ തന്റെ പ്രതീക്ഷകളെ പറക്കാന്‍ വിടുന്നു.
അവസാനമായി എം എൽ എസ് ക്ലബ് ഒർലാണ്ടോ സിറ്റിയാണ് പാറ്റോയെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് ബ്രസീലിയൻ താരത്തെ അവർ സ്വന്തമാക്കിയിരിക്കുന്നത്. പ്രതിഭയ്ക്ക് ഒരു കുറവും ഇല്ലാതിരുന്നിട്ടും എവിടെയും എത്താൻ സാധിക്കാതിരുന്ന താരങ്ങളുടെ നിരയിലേക്ക് വന്ന പറ്റോ എംഎൽഎസ് ലൂടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.