❝ ലോക ഫുട്ബോളറിൽ നിന്ന് രാജ്യത്തിൻറെ പ്രസിഡന്റ് പദവിയിലേക്ക് ❞ : ലൈബീരിയൻ ഇതിഹാസത്തിന്റെ ജീവിതത്തിലൂടെ |George Weah
ലോക ഫുട്ബോളറിൽ നിന്ന് ലൈബീരിയ എന്ന രാജ്യത്തിൻറെ പ്രസിഡന്റ് പദത്തിൽ എത്തിച്ചേർന്ന താരമാണ് കിംഗ് ജോർജ് എന്നറിയപ്പെടുന്ന ജോർജ് വെയ . തൊണ്ണൂറുകളുടെ തുടക്കത്തിൽ കരുത്തും വേഗതയും ,ചടുലതയും ,കണിശമായ ഫിനിഷിങ് കൊണ്ടും ഫുട്ബോൾ ലോകത്തെ കോരിത്തരിപ്പിച്ച താരമാണ് ജോർജ് വെയ . പട്ടിണിയും ,ദാരിദ്ര്യവും ,രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് പോറുതി മുട്ടിയ ഒരു ജനതക്ക് കാല്പന്തിലൂടെ വിമോചനത്തിന് പോരാടിയ മഹാനായ നേതാവായിരുന്നു കിംഗ് ജോർജ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജോർജ് വെയ .
1966 ൽ ലൈബീരിയയിലെ മോൺറോവിയയിൽ ജനിച്ച വെയ തെരുവുകളിൽ പന്ത് തട്ടിയാണ് വളർന്നത് . ലൈബീരിയൻ ലീഗിൽ കളിച്ചു തുടങ്ങിയ വെയ ലീഗ് കിരീടവും ,കപ്പും സ്വന്തമാക്കി . കാമറൂൺ ലീഗിൽ കളിക്കുമ്പോൾ കാമറൂൺ ദേശീയ ടീം കോച്ചായ ക്ലോഡ് ലെ റോയ് വെയയുടെ കളി കാണുകയും മുൻ ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങറുടെ അടുത്തെത്തിക്കുകയും ചെയ്തു . വെയയുടെ കളിയിൽ ആകൃഷ്ടനാവുകയും 1988 ൽ മൊണാകോ പരിശീലകനായ വെങ്ങർ വെയയെ സൈൻ ചെയ്തു .
1992 വരെ മോണക്കയിൽ തുടർന്ന വെയ 103 മത്സരത്തിൽ നിന്നും 47 ഗോളുകൾ നേടി . 1989 ൽ ആദ്യ പ്രമുഖ അംഗീകാരമായ ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ കരസ്ഥമാക്കി. 1992 ൽ മറ്റൊരു ഫ്രഞ്ച് ക്ലബായ പി സ് ജി വെയയെ സൈൻ ചെയ്തു . പി സ് ജിക്കു വേണ്ടി ഫ്രഞ്ച് ലീഗ് ,ഫ്രഞ്ച് കപ്പ് ,1994 -95 സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തുകയും 7 ഗോളുകളോടെ ടോപ് സ്കോററായി . മൂന്ന് സീസൺ പി സ് ജിയിൽ കളിച്ച വെയ 96 മത്സരത്തിൽ 32 ഗോൾ നേടി .1994 ൽ വീണ്ടും ആഫ്രിക്കയിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി .
1995 ആയിരുന്നു വെയയുടെ സുവർണ കാലഘട്ടം , വാൻ ബാസ്റ്റിന് പകരക്കാരനായാണ് വെയയെ എ സി മിലൻ സൈൻ ചെയ്യുന്നത് . ഇറ്റലിയിലും മികവ് തുടർന്ന വെയ ആ വര്ഷം ഫിഫ പ്ലയെർ ഓഫ് ദി ഇയർ ,ബോൾ ൻ ഡോർ ,ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ എന്നീ അവാർഡുകൾ കരസ്ഥമാക്കി .മിലാനൊപ്പം 2 സിരി എ കിരീടവും സ്വന്തമാക്കി . 2000 ത്തിൽ ഇംഗ്ലണ്ടിലെത്തിയ വെയ ചെൽസിക്കും ,മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ജേഴ്സി അണിഞ്ഞു ചെൽസിക്കൊപ്പം എഫ് എ കപ്പ് സ്വന്തമാക്കി .
ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കി ടീമിനെ യോഗ്യത മത്സരങ്ങൾ കളിപ്പിച്ചെങ്കിലും 2002 ൽ ഫൈനൽ റൗണ്ടിന്റെ വക്കോളമെത്തിയെങ്കിലും ഭാഗ്യം ഉണ്ടായില്ല .ലോകത്തിലെ ഏറ്റവും മികച്ച താരമായിട്ടും ലോകകപ്പ് കളിക്കാത്ത മഹാരഥന്മാരുടെ നിരയിലേക്ക് വെയയുടെ പേരും ചേർക്കപ്പെട്ടു . അച്ചടക്കം, സമർപ്പണം , ആത്മാർഥത , പരിശീലകരോടും മാനേജ്മെന്റിനോടുമുള്ള മനോഭാവം, ഏത് ടീമിന്റെയും ഭാഗമാവാൻ ദിവസങ്ങൾക്കുള്ളിൽ സാധിക്കുന്ന മെയ്വഴക്കം എന്നിവയായിരുന്നു വെയയുടെ സവിശേഷതകൾ .
2004 ൽ ലൈബീരിയയുടെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വെയ 2019 ൽ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .പ്രസിഡന്റായി സത്യപ്രതിഞ്ജ ചെയ്യുന്ന നിമിഷത്തിന് സാക്ഷിയാവാൻ ജോർജ് വെയ സർക്കാർ അതിഥിയായി ക്ഷണിച്ചത് മറ്റാരെയുമല്ല മോൺറോവിയയിലെ തെരുവുകളിൽ പട്ടിണിയോട് മല്ലിട്ടു പന്തുതട്ടിയ യുവാവിൽ നിന്ന് ലോക മുഴുവൻ അറിയപ്പെടുന്ന ഫുട്ബോളറായി മാറ്റിയ ആർസെൻ വെംഗറെയാണ്.