ഒളിമ്പിക്സ് സ്വർണം നിലനിർത്തി ബ്രസീൽ ; ആവേശകരമായ പോരാട്ടത്തിൽ കീഴടക്കിയത് സ്പെയിനിനെ
കരുത്തരായ സ്പെയിനിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ബ്രസീൽ ഒളിംപിക്സിൽ സ്വർണം നേടി. അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരൻ മാൽക്കം നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 2016 ൽ റിയോവിൽ നേടിയ സ്വർണം ടോക്യോവിൽ നിലനിർത്താൻ ബ്രസീലിനായി.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില ആയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഈ വിജയത്തോടെ 2004ൽ അർജന്റീനയ്ക്ക് ശേഷം തുടർച്ചയായി രണ്ടു ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്ന ഫുട്ബോൾ ടീമായി ബ്രസീൽ മാറി.
ലോക ഫുട്ബോളിലെ വൻ ശക്തികൾ ഒളിമ്പിക്സ് സ്വർണത്തിനായി നേർക്ക് വന്നപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിനു തന്നെയായിരുന്നു ആധിപത്യം.എന്നാൽ ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിച്ചത് സ്പെയിനിനായിരുന്നു. 16 ആം മിനുട്ടിൽ മൈക്കൽ ഒയാർസാബൽ ബോക്സിലേക്ക് കൊടുത്ത കൃത്യമായ പാസ് സ്‌ട്രൈക്കർ ഡാനി ഓൾമോക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. 35 ആം മിനുട്ടിൽ മുന്നിലെത്താൻ ബ്രസീലിനു അവസരം ലഭിച്ചു. സ്‌ട്രൈക്കർ മാത്യൂസ് കുൻഹയെ ബോക്സിൽ വീഴ്ത്തിയതിന് ബ്രസീലിനു അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സൂപ്പർ സ്‌ട്രൈക്കർ റിചാലിസൺ അത് നഷ്ടപ്പെടുത്തി. എന്നാൽ ഒന്നാംപകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്രസീൽ മുന്നിലെത്തി. ക്യാപ്റ്റൻ ഡാനി ആൽവ്സിന്റെ പാസിൽ നിന്നും മാത്യൂസ് കുൻഹയാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിലും ബ്രസീൽ മുന്നേറ്റമാണ് കണ്ടത്. 52 എം മിനുട്ടിൽ സ്‌ട്രൈക്കർ റിച്ചാലിസാണ് മികച്ച അവസരം ലഭിച്ചെങ്കിലും സ്പാനിഷ് കീപ്പറുടെ റിഫ്ലെക്സ് സേവ് രക്ഷക്കെത്തി.എന്നാൽ അതികം വൈകാതെ സ്പെയിൻ ഒപ്പമെത്തി. 61 ആം മിനുട്ടിൽ കാർലോസ് സോളർ ബോക്സിലേക്ക് കൃത്യമായ തൊടുത്തു വിട്ട ക്രോസ്സ് മൈക്കൽ ഒയാർസാബൽ വലയിലെത്തിച്ചു സ്കോർ 1 -1 ആക്കി. ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം സ്‌പെയിൻ ഏറ്റെടുത്തു. കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുകയും കൂടുതൽ സമയം പന്ത് കൈവശം വെക്കുകയും ചെയ്തു. 86 ആം മിനുട്ടിൽ സ്പാനിഷ് താരം ഓസ്കാർ ഗിൽ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. മൂന്നു മിനുട്ടിനു ശേഷം ബ്രയാൻ ഗിൽ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. നിശ്ചിത സമയത്തും ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളവസരങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ബ്രസീൽ മികച്ചു നിൽക്കുകയും ചെയ്തു. എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ബ്രസീൽ മുന്നിലെത്തി. സ്‌ട്രൈക്കർ മാത്യൂസ് ക്യൂനക്ക് പകരക്കാരനായി ഇറങ്ങിയ മുൻ ബാഴ്സലോണ താരം മാൽകോം ആണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഒരുകൗണ്ടെർ അറ്റാക്കിൽ നിന്നും ആന്റണി കൊടുത്ത പാസിൽ നിന്നായിരുന്നു മാൽക്കത്തിന്റെ ഗോൾ.സമനിലക്കായി സ്‌പെയിൻ പൊരുതിയെങ്കിലും ബ്രസീലിയൻ പ്രതിരോധം പൊളിക്കാനായില്ല.