മെസ്സിക്ക് ഗോൾ , സിറ്റിയോട് കണക്ക് തീർത്ത് പിഎസ്ജി : റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ച് ചാമ്പ്യൻസ് ലീഗിലെ കുഞ്ഞന്മാർ : ഗോൾ വർഷവുമായി ലിവർപൂൾ
ലയണൽ മെസ്സിയുടെ പി എസ് ജി ജേഴ്സിയിലെ ആദ്യ ഗോൾ എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടിയായിരുന്നു ഇന്നലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള മത്സരം.മെസ്സിയുടെ ഈ ഗോൾ ഉൾപ്പെടെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കൽ കൂടി ആയി വിജയം. പരിക്കിൽ നിന്നും മോചിതനായി മെസ്സി ആദ്യ ഇലവനിൽ എത്തിയ കരുത്തിലാണ് പാരീസ് ഇറങ്ങിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ പി എസ് ജിക്ക് മുന്നിൽ എത്താൻ ആയി. വലതു ഭാഗത്ത് കൂടെ എമ്പപ്പെ നടത്തിയ ഒരു കുതിപ്പ് സിറ്റി ഡിഫൻസിനെ പ്രശ്നത്തിലാക്കി. എമ്പപ്പെ ബോക്സിലേക്ക് കട്ട് ചെയ്ത് കൊടുത്ത പന്ത് സ്വീകരിച്ച് മധ്യനിര താരം ഇദ്രിസ ഗയെ വലതുളച്ച് പി എസ് ജിക്ക് ലീഡ് നൽകി. താരത്തിന്റെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്.
26ആം മിനുട്ടിൽ സ്റ്റെർലിംഗിന്റെ ഒരു ഹെഡർ ബാറിൽ തട്ടി മടങ്ങി. ആ ഷോട്ട് റീബൗണ്ട് ചെയ്ത ബെർണാഡോ സിൽവക്ക് ലക്ഷ്യം കാണാൻ ആവില്ല. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർക്ക് പി എസ് ജി ഡിഫൻസിന് പിറകിലേക്ക് എത്താൻ ആയില്ല. 74ആം മിനുട്ടിലെ മെസ്സി ഗോൾ പി എസ് ജിയുടെ വിജയം ഉറപ്പിച്ചു.മെസ്സിയുടെ ഇടം കാലൻ ഷോട്ട് നോക്കി നിന്ന് ആസ്വദിക്കാൻ മാത്രമെ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് ആയുള്ളൂ. ഈ ഗോളിന് ശേഷം ഒരു അവസരം മെഹ്റസിന് മറുവശത്ത് ലഭിച്ചു എങ്കിലും ഡൊണ്ണരുമ്മയുടെ സേവ് പി എസ് ജിയുടെ ക്ലീൻ ഷീറ്റ് നിലനിർത്തി. പി എസ് ജിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയമാണിത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി എത്തിയ മോൾഡോവൻ ക്ലബായ ഷറിഫ് ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷെറിഫിന്റെ വിജയം.5ആം മിനുട്ടിൽ ആയിരുന്നു റയലിനെ ഞെട്ടിച്ച് കൊണ്ട് ഷെറിഫിന്റെ ആദ്യ ഗോൾ വന്നത്. ക്രിസ്റ്റ്യാനോയുടെ ഒരു ക്രോസിൽ നിന്ന് ജാക്ഷിബേവിന്റെ ഹെഡർ ആണ് റയൽ ഡിഫൻസിനെ വീഴ്ത്തിയത്. ഈ ഗോളിന് പകരം നൽകാൻ ഏറെ ശ്രമിച്ച റയൽ മാഡ്രിഡ് അവസാനം 65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനില നേടി. ബെൻസീമ ആണ് ആ പെനാൾട്ടി സ്കോർ ചെയ്തത്.പിന്നീട് റയൽ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടിൽ റയലിനെ ഞെട്ടിച്ച് കൊണ്ട് തില്ലിലൂടെ ഷെറിഫ് ലീഡ് എടുത്തു. ബോക്സിന് പുറത്ത് നിന്ന് ഒരു റോക്കറ്റ് ഷോട്ടിലൂടെ ആയിരുന്നു വിജയ ഗോൾ വന്നത്
പോർട്ടോയുടെ വലയിൽ ഗോൾ മഴ വർഷിച്ചാണ് ലിവർപൂൾ മടങ്ങിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.ഈജിപ്ഷ്യൻ മജീഷ്യൻ സലായുടെയും ബ്രസീലിയൻ താരം ഫർമീനോയുടെയും ഇരട്ട ഗോളുകളുടെ ബലത്തിൽ ലിവർപൂളിന് വലിയ വിജയം. മാനേയുടെ വകയായിരുന്നു അഞ്ചാം ഗോൾ.ഈ വിജയത്തോടെ ലിവർപൂൾ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ആദ്യ മത്സരത്തിൽ അവർ മിലാനെയും തോൽപ്പിച്ചിരുന്നു. പോർട്ടോക്ക് രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 1 പോയിന്റ് മാത്രമെ ഉള്ളൂ.
മറ്റൊരു പ്രധാന പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡ് എ സി മിലാൻ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റികോയുടെ ജയം. മത്സരത്തിൽ 60 മിനുട്ടോളം 10 പേരുമായി മിലൻ കളിച്ചത്.മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ലിയോ ആണ് മിലാന് ലീഡ് നൽകിയത്. ഗോളിന് തൊട്ടു പിന്നാലെ 29ആം മിനുട്ടിൽ കെസ്സി ആണ് ചുവപ്പ് കാർഡ് വാങ്ങിയത്. 10 പേരായി കുറഞ്ഞെങ്കിലും മിലാൻ പതറിയില്ലം അത്ലറ്റിക്കോ മാഡ്രിഡിനെ ഒരു നല്ല നീക്കം നടത്താൻ വരെ അവർ അനുവദിച്ചില്ല. ഒരു ഷോട്ട് പോലും ആദ്യ 80 മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിന് ടാർഗറ്റിലേക്ക് അടിക്കാൻ ഇന്നായില്ല.84ആം മിനുട്ടിൽ ഗ്രീസ്മൻ അത്ലറ്റിക്കോക്ക് സമനില നൽകി. പിന്നാലെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് വിജയവും നൽകി. ജയത്തോടെ അത്ലറ്റിക്കോയ്ക്ക് 4 പോയിന്റായി.
പുതിയ ഡച്ച് സൈനിങ് മലൻ നേടിയ ഏക ഗോളിൽ ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ബെൽജിയൻ ക്ലബ് ക്ലബ് ബ്രൂഗ്ഗെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലൈപ്സിഗിനെ പരാജയപ്പെടുത്തി .