‘ഗോളടിച്ച ഗെയിമുകൾ മാത്രമാണ് ആളുകൾ നോക്കുന്നത്. പക്ഷെ അത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ കരുതുന്നില്ല’ : രാഹുൽ കെ.പി | Rahul KP
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം പാദത്തിൽ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ലീഗിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയപെട്ടു. നാളെ കൊച്ചിയിൽ എഫ്സി ഗോവയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ മത്സരം പരാജയപെട്ടാണ് ഇരു ടീമുകളും നാളത്തെ മത്സരത്തിനിറങ്ങുന്നത്.
14 കളികളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ ഇപ്പോൾ നാലാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് ഒരു കളി കൂടുതൽ കളി കളിച്ചിട്ടുണ്ടെങ്കിലും 26 പോയിൻ്റുമായി ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീം ഗോവയ്ക്ക് താഴെയാണ്. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം വിങ്ങർ കെപി രാഹുലും പങ്കെടുത്തു. ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി താരമായ രാഹുലിന് സാധിച്ചിട്ടില്ല.ലീഗിൽ 12 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ല.
താരത്തിനെതിരെ ആരാധകരിൽ നിന്നും വലിയ വിമർശനവും ഉയർന്നു വരികയും ചെയ്തു. മാധ്യങ്ങളോട് സംസാരിക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകുകയും ചെയ്തു.”ഞാൻ ഈ വർഷം വിഷമകരമായ അവസ്ഥയിലാണെന്ന് എനിക്കറിയാം, എനിക്കും നല്ല ഗെയിമുകൾ ഉണ്ടായിരുന്നു, നമ്മൾ സ്കോർ ചെയ്ത ഗെയിമുകൾ മാത്രമാണ് ആളുകൾ നോക്കുന്നത്.പക്ഷേ അത് മാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. കാരണം ഡിഫൻഡ് ചെയ്യുന്നു, ടീമിനുവേണ്ടി പ്രസ്സ് ചെയ്യുന്നു എന്നുള്ളതൊക്കെ പ്രധാനപ്പെട്ടതാണ്” രാഹുൽ പറഞ്ഞു.
Rahul KP (about his recent form)🗣️ "I know myself I am in difficult situation this year, I also had good games, people only look at games you scored but I don't think that's only thing because when you help your team, you defend, run for team also matters." #KBFC pic.twitter.com/jJCqPFmxnm
— KBFC XTRA (@kbfcxtra) February 24, 2024
“ഒരു വിജയത്തിന് എല്ലാം മാറ്റാൻ കഴിയും” എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ടോപ് ഫോറിൽ വീണ്ടും ഇടം നേടാൻ സാധിക്കും.