‘ഒരു തോൽവി കൂടി താങ്ങാൻ പറ്റില്ല’ : ഗോവക്കെതിരെ വിജയം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലിറങ്ങുന്നു | Kerala Blasters

തുടർച്ചയായ രണ്ടു മത്സരങ്ങൾ പരാജയപെട്ടാണ് ഗോവ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് ടേബിളിൽ മുന്നേറണമെങ്കിൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.15 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ നാലാമതാണ്.

പരുക്കുമാറി സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമാന്‍റക്കോസ് തിരികെയെത്തുന്നു എന്നതാണ് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം പകരുന്ന കാര്യം. ചെന്നൈയിന്‍ എഫ് സിക്ക് എതിരായ മത്സരത്തില്‍ ദിമിത്രിയോസ് ഡയമാന്‍റകോസ് കളത്തില്‍ ഇറങ്ങിയിരുന്നില്ല. 2023 – 2024 സീസണില്‍ 12 മത്സരങ്ങളില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റും ഗ്രീക്ക് താരം സ്വന്തമാക്കിയത്.പരിക്കിന്റെ പിടിയലമര്‍ന്നുപോയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. സമനിലപോലും ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലേക്കുള്ള വഴിയില്‍ തടസങ്ങള്‍ സൃഷ്ടിക്കും.എഫ്‌സി ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് തൻ്റെ കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ വഴങ്ങിയ കേരള പ്രതിരോധത്തിന് ഗോവയുടെ ആക്രമണം തടയുക എന്നത് ശ്രമകരമായ ദൗത്യമാണ്.കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എഫ്‌സി ഗോവ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.സീസണിൻ്റെ ആദ്യ പകുതിയിൽ തോൽവിയറിയാതെ പോയ മനോലോ മാർക്വേസിൻ്റെ ടീം ഇപ്പോൾ തുടർച്ചയായി രണ്ട് ലീഗ് മത്സരങ്ങൾ തോറ്റു.കൊച്ചിയിലെ വെല്ലുവിളി വലുതായിരിക്കും, പക്ഷേ കേരള പ്രതിരോധം തകർക്കാൻ തക്ക നിലവാരം അവർക്കുണ്ട്.ഇന്നത്തെ മത്സരം ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. എഫ് സി ഗോവയാണ് ജയിക്കുന്നതെങ്കില്‍ രണ്ടാം സ്ഥാനത്തുമെത്തും.

ഇന്ന് രാത്രി ഏഴരയ്‌ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ഗോവയ്‌ക്കെതിരായ മത്സരം. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എവേ മാച്ചില്‍ ഒഡീഷ എഫ്‌സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് ഹോം മാച്ചില്‍ തോറ്റു. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോടും ബ്ലാസ്റ്റർസ് പരാജയപ്പെട്ടു. ഇത്തരത്തില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട സാഹചര്യം ബ്ലാസ്റ്റേഴ്‌സിന് അടുത്ത കാലത്തെങ്ങും നേരിടേണ്ടി വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): കരൺജിത് സിംഗ് (ജികെ); സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, മാർക്കോ ലെസ്കോവിച്ച്, നവോച്ച സിംഗ്; ഡെയ്‌സുകെ സകായ്, ഡാനിഷ് ഫാറൂഖ്, ജീക്‌സൺ സിംഗ്, മുഹമ്മദ് ഐമെൻ; ഇമ്മാനുവൽ ജസ്റ്റിൻ, ഫെഡോർ സെർണിച്ച്

എഫ്‌സി ഗോവ (4-2-3-1): അർഷ്ദീപ് സിംഗ് (ജികെ); സെറിട്ടൺ ഫെർണാണ്ടസ്, ഒഡെ ഒനൈന്ത്യ, കാൾ മക്ഹഗ്, ജയ് ഗുപ്ത; റൗളിൻ ബോർജസ്, റെയ്നിയർ ഫെർണാണ്ടസ്; മുഹമ്മദ് യാസിർ, ബ്രാൻഡൻ ഫെർണാണ്ടസ്, നോഹ സദൗയി; കാർലോസ് മാർട്ടിനെസ്

Rate this post