‘പ്രതീക്ഷകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്’ : ഐഎസ്എല്ലിൽ ഷീൽഡ് പോരാട്ടം കടുക്കുന്നു |ISL 2023-24 |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ അവസാനത്തോട് അടുക്കുമ്പോൾ കിരീട പോരാട്ടം കഠിനമാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 12 ടീമുകൾ കളിക്കുന്ന ലീഗിലെ ആദ്യ അഞ്ചു സ്ഥാനക്കാരെ വേർതിരിക്കുക്കന്നത് വെറും അഞ്ചു പോയിന്റ് മാത്രമാണ്.ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്‌സി ഗോവയും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് പോരാട്ടം മുറുക്കിയത്.
നിലവിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിൽക്കുന്ന ഏതു ടീമിനും ഷീൽഡ് സ്വന്തമാക്കാൻ കഴിയുമെന്ന സാഹചര്യമാണുളളത്. ഇരു വരും സമനിലയിൽ പിരിഞ്ഞത് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകൾക്ക് വലിയ ഗുണമായി തീർന്നിരിക്കുകയാണ്.16 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള ഒഡീഷ ഒന്നാം സ്ഥാനത്തും ഇത്രയും തന്നെ പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് ഉള്ള ഗോവ നാലാം സ്ഥാനത്തും 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് തന്നെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണ്.
ആദ്യ അഞ്ചു ടീമുകളിൽ മോഹൻ ബഗാൻ മാത്രമാണ് 15 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെ പരാജയപെടുത്തിയാൽ മോഹൻ ബഗാന് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കും. ടോപ് ഫൈവിലെ ടീമുകൾ ഏറ്റുമുട്ടുന്ന ഓരോ മത്സരവും നിർണായകമായി മാറും എന്നുറപ്പാണ്. ലീഗിൽ 16 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതിൽ മോഹൻ ബഗാൻ മാത്രമാണ് ടോപ് ഫൈവിൽ നിന്നും വരുന്നത്. ശേഷിക്കുന്ന ടീമുകൾ എല്ലാം പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് താഴെ വരുന്നവരാണ്.
മോഹൻ ബഗാനെ കൊച്ചിയിലാണ് നേരിടുന്നത് എന്നത് പ്രതീക്ഷ നൽകുകയും ചെയ്യുന്നുണ്ട്. ഇനിയുള്ള മത്സരങ്ങൾ എല്ലാ ജയിക്കുകയും മുൻ നിരയിലുള്ള പോയിന്റ് നഷ്ടപെടുത്തുതുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാനാവും.ലീഗിലെ ടോപ്പ് ഫൈവ് ക്ലബ്ബുകളെ പരാജയപ്പെടുത്തിയ ഏക ക്ലബ്ബ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്.പ്ലേ ഓഫിലേക്ക് കടക്കാനുള്ള വഴിയായ ആറാം സ്ഥാനത്തിന് വേണ്ടിയും ഇത്തവണ കടുത്ത പോരാട്ടം നടക്കുന്നുണ്ട്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ മുതൽ പതിനൊന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിക്കു വരെ ആറാം സ്ഥാനത്തെത്താൻ അവസരമുണ്ട്.