‘ഈ കിംവദന്തികൾ വ്യാജവും അടിസ്ഥാനരഹിതവുമാണ്, കേരളത്തിന് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് അന്താരാഷ്ട്ര ഇടവേളയ്ക്കായി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. സെർബിയൻ പരിശീലകന് പകരം വരാൻ പോകുന്നവരെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫാൻ പേജുകളിലും ചൂടേറിയ ചർച്ചകൾ പോലും ഉണ്ട്.
എന്നാൽ കിംവദന്തികൾ എല്ലാം നിഷേധിച്ച് പരിശീലകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.”ഈ കിംവദന്തികൾ വ്യാജവും അടിസ്ഥാനരഹിതവുമാണ്. എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ഇഷ്ടമാണ്, ക്ലബ് മാനേജ് ചെയ്യുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിന് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇവിടെയുള്ള എൻ്റെ ജോലി ഞാൻ തികച്ചും ഇഷ്ടപ്പെടുന്നു, അത് ഉപേക്ഷിക്കണമെന്ന ചിന്ത എൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല,” വുകോമാനോവിച്ച് പറഞ്ഞു.കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലേക്ക് നയിച്ച 46 കാരനായ വുകൊമാനോവിച്ച്, 2021 ജൂണിൽ ക്ലബ്ബിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായി. മൂന്നാം തവണയും പ്ലേ ഓഫിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഇവാൻ .
“കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സ് എങ്ങനെ പുരോഗമിച്ചു എന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം പറഞ്ഞു.വിദേശ റിക്രൂട്ട്മെൻ്റുകൾ ഉൾപ്പെടെ മിക്ക കളിക്കാരും രാജ്യാന്തര ഇടവേള പരമാവധി പ്രയോജനപ്പെടുത്താൻ അവധിക്കാലം ആഘോഷിക്കുമ്പോൾ, വുക്കോമാനോവിച്ച് കൊച്ചിയിൽ തുടരാൻ തീരുമാനിച്ചു. പരിക്കിനെ തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്ലേമേക്കർ അഡ്രിയാൻ ലൂണ അടുത്തിടെ ടീമിൽ ചേർന്നിരുന്നു. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ഉറുഗ്വേൻ പരിശീലനം പുനരാരംഭിച്ചു, വുക്കോമാനോവിച്ച് തൻ്റെ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ അവനെ സഹായിക്കുകയാണ്.
പ്ലേ ഓഫിലേക്ക് ലൂണ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ്. ക്രൊയേഷ്യൻ സെൻ്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും പരിശീലനത്തിലേക്ക് മടങ്ങി.മാർച്ച് 30 ന് ജംഷഡ്പൂർ എഫ്സിക്കെതിരായ അടുത്ത മത്സരത്തിന് തയ്യാറെടുക്കാൻ ശേഷിക്കുന്ന കളിക്കാർ ബുധനാഴ്ച ടീമിനൊപ്പം ചേരും. നിലവിൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നാല് മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ അവർക്ക് പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.