മെസ്സി ബാഴ്സലോണ വിടുന്നപക്ഷം ഈ 5 സൂപ്പർ താരങ്ങളിൽ ഒരാൾ പ്രധാന താരമായി കൊണ്ടുവരും
കഴിഞ്ഞ രണ്ട് ദിവസമായി ഫുട്ബോൾ ലോകത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്ത പടർന്നു പന്തലിച്ചത്. മെസ്സി ബാഴ്സ വിടുമെന്ന് പലരും റിപ്പോർട്ട് ചെയ്യുമ്പോഴും മെസ്സി ക്ലബ് വിടില്ല എന്ന് വിശ്വസിക്കുന്നവരാണ് ബാഴ്സ ആരാധകർ. പക്ഷെ മെസ്സി ക്ലബ് വിടാനുള്ള ആഗ്രഹം ബാഴ്സയോട് തുറന്നുപ്രകടിപ്പിച്ചു എന്ന യാഥാർത്ഥ്യം വളരെ വേദനയോടെയാണ് ഓരോ ആരാധകനും അംഗീകരിച്ചത്. ഇനി അഥവാ മെസ്സി ബാഴ്സ വിട്ടാൽ ആ സ്ഥാനത്തേക്ക് ആര് എത്തും എന്ന ചർച്ചകൾ വരെ മാധ്യമങ്ങളിൽ നടന്നു. ഇന്നലെ പ്രമുഖമാധ്യമമായ ദി സൺ അഞ്ച് പേരെയാണ് മെസ്സിയുടെ പകരക്കാരനായി നിർദ്ദേശിച്ചിരിക്കുന്നത്.
Five players who could replace Lionel Messi at Barcelona https://t.co/le1Ud26DtM
— The Sun Football ⚽ (@TheSunFootball) August 27, 2020
1-ലൗറ്ററോ മാർട്ടിനെസ് : ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് മുമ്പ് തന്നെ ബാഴ്സയുടെ ലക്ഷ്യമാണ്. സുവാരസിന്റെ പകരക്കാരനായിട്ടാണ് ലൗറ്ററോയെ പരിഗണിക്കുന്നതെങ്കിലും മെസ്സി ബാഴ്സ വിട്ടാൽ താരത്തിന് ആ സ്ഥാനം നൽകണം എന്നാണ് സൺ പറയുന്നത്. ഇരുപത്തിമൂന്നുകാരനായ താരം ഈ സീസണിൽ 21 ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്.
2- നെയ്മർ ജൂനിയർ : മുൻ ബാഴ്സ താരം കൂടിയായ നെയ്മർ മെസ്സിക്ക് ശേഷം ബാഴ്സയുടെ നേതൃത്വത്തിന് അവകാശി ആണെന്ന് പലരും മനസ്സിൽ കണ്ടിരുന്നു. എന്നാൽ 2017-ൽ താരം ക്ലബ് വിട്ടത് ആ മോഹത്തിന് തിരിച്ചടിയായി. എന്നാൽ താരത്തെ തിരികെ കൊണ്ടു വന്നു മെസ്സിയുടെ വിടവ് ഒരു പരിധി വരെ നികത്താം എന്നാണ് സൺ പറയുന്നത്. 28-കാരനായ താരം മുമ്പ് ബാഴ്സയിലേക്ക് മടങ്ങാൻ താല്പര്യം കാണിച്ചിരുന്നുവെങ്കിലും മെസ്സിയുടെ അഭാവത്തിൽ മടങ്ങാൻ സാധ്യത കുറവാണ്.
3-ജേഡൻ സാഞ്ചോ : ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവവിസ്മയം. ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും ഒരുപോലെ മികവ് പുലർത്തുന്നവൻ.കേവലം ഇരുപത് വയസ്സുകാരനായ ഈ താരം ഇരുപതിൽ പരം ഗോളും അസിസ്റ്റും ഈ സീസണിൽ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനലക്ഷ്യം.
4-കിലിയൻ എംബാപ്പെ : പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ. ഫുട്ബോൾ ലോകം ഭാവിയിൽ ഭരിക്കാൻ കഴിവുള്ളവൻ എന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ പ്രധാനലക്ഷ്യം. മെസ്സി ക്ലബ് വിട്ടാൽ ഗോൾവേട്ടക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിവുള്ള താരമെന്ന് സൺ
5- സാഡിയോ മാനേ : മുമ്പ് ബാഴ്സ തന്നെ ലക്ഷ്യമിട്ട ലിവർപൂൾ അറ്റാക്കിങ് താരം. കഴിഞ്ഞ കുറച്ചു സീസണുകളിൽ മിന്നുന്ന പ്രകടനം. താരത്തിന്റെ ഡൈനാമിസവും ഗോൾ സ്കോറിന് കഴിവും ബാഴ്സക്ക് അനുയോജ്യമായത്. 28 വയസ്സുകാരനായ താരത്തിന് 90 മില്യൺ പൗണ്ട് എങ്കിലും ബാഴ്സ മുടക്കേണ്ടി വരും.