ആറു സൂപ്പർ താരങ്ങൾ പുറത്തേക്ക്, പകരമെത്തുക നാലു താരങ്ങൾ, പിർലോയുടെ അഴിച്ചുപണി ഇങ്ങനെ !

ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെയാണ് യുവന്റസ് പരിശീലകനായിരുന്ന മൗറിസിയോ സാറിയെ ക്ലബ് പുറത്താക്കുകയും തുടർന്ന് ഇതിഹാസതാരമായിരുന്ന ആന്ദ്രേ പിർലോയെ പരിശീലകനാക്കി നിയമിക്കുകയും ചെയ്തത്. തുടർന്ന് പിർലോക്ക് കീഴിൽ താരങ്ങൾ പരിശീലനവും നടത്തിയിരുന്നു. ക്ലബിന്റെ പുരോഗതിക്ക് വേണ്ടി വലിയ രീതിയിൽ ഉള്ള അഴിച്ചുപണിയാണ് പിർലോ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലബിലെ ആറു താരങ്ങളെ പിർലോ ഒഴിവാക്കാനും പകരം നാലു പുതിയ താരങ്ങളെ ക്ലബിൽ എത്തിക്കാനും പിർലോ തീരുമാനിച്ചിട്ടുണ്ട്. ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

യുവന്റസിന്റെ പുറത്തേക്ക് പോവുന്നവർ : സ്ട്രൈക്കെർ ഗോൺസാലോ ഹിഗ്വയ്‌ൻ ക്ലബ് വിടുമെന്ന് പിർലോ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഒരു വർഷം കൂടി കരാർ ഉണ്ടെങ്കിലും താരത്തെ ഒഴിവാക്കാൻ ക്ലബ് ധാരണയിൽ എത്തുകയായിരുന്നു. രണ്ടാമത്തെ താരം സമി ഖദീരയാണ്. ഒരു വർഷം കൂടി കരാർ ഉണ്ടെങ്കിലും താരത്തിന്റെ മോശം ഫോമാണ് സ്ഥാനം തെറിക്കാൻ കാരണം. മൂന്നാമത്തെ താരം ഫെഡറികോ ബെർണാഡ്ഷിയാണ്. ക്രിസ്റ്റ്യാനോക്കും ദിബാലക്കുമൊപ്പം ഫോം കാണാൻ താരത്തിന് സാധിക്കുന്നില്ല. അത്ലറ്റികോ മാഡ്രിഡ്‌ താല്പര്യം അറിയിച്ചിട്ടുണ്ട്.

നാലാമത്തെ താരം ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയാണ്. വിട്ടുമാറാത്ത പരിക്ക് ആണ് കോസ്റ്റക്ക് തിരിച്ചടിയായത്. യുണൈറ്റഡ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ട്. അഞ്ചാമത്തെ താരം ഡിഫൻഡർ ഡാനിയൽ റുഗാനി ആണ്. സാലറി കൂടുതൽ ആണെങ്കിലും മത്സരം കുറവാണ് എന്നാണ് റുഗാനിയുടെ അവസ്ഥ. റോമ, ഫിയോറെന്റിന, നാപോളി എന്നിവർ പിന്നാലെയുണ്ട്. ആറാമത്തെ താരം ആരോൺ റാംസിയാണ്. പ്രധാനപ്പെട്ട താരമാണെങ്കിലും പിർലോക്ക് താല്പര്യമില്ലാത്ത താരമാണ് റാംസി. ഇതിനാൽ തന്നെ താരം ക്ലബ് വിടലിന്റെ വക്കിൽ ആണ്.

ഇനി പിർലോ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നാലു താരങ്ങൾ ഇവരൊക്കെയാണ്. റോമ സ്ട്രൈക്കെർ എഡിൻ സെക്കോയാണ് ആദ്യതാരം. മികച്ച ഫോമിൽ കളിക്കുന്നു എന്നതാണ് പിർലോ താല്പര്യം പ്രകടിപ്പിക്കാൻ കാരണം. റോമയുടെ തന്നെ വലൻസിയയിൽ ലോണിൽ കളിക്കുന്ന ഡിഫൻഡർ അലെസ്സാൻഡ്രോ ഫ്ലോറെൻസിയാണ് രണ്ടാമത്തെ താരം. മൂന്നാമത്തെ താരം സസുവോളോയുടെ മിഡ്ഫീൽഡർ മാനുവൽ ലൊക്കാടെല്ലിയാണ്. നാലാമത്തെ താരം അത്ലറ്റികോ മാഡ്രിഡിന്റെ സുപ്പർ മിഡ്ഫീൽഡർ തോമസ് പാർട്ടിയാണ്. എന്നാൽ അത്ലറ്റികോ വിട്ടുതരുമോ എന്നുള്ളത് വെല്ലുവിളിയാണ്.

Rate this post