വംശീയധിക്ഷേപത്തിൽ കളി നിർത്തി കയറിപോയി, പക്ഷെ തിരിച്ചുവന്നു മിലാൻ കണക്കിന് കൊടുത്തിട്ടുണ്ട്

ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സീരി എ യിൽ നടന്ന ഉദ്നിസെ vs എ സി മിലാൻ മത്സരത്തിൽ ഹോം ടീമായ ഉദ്നിസെയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അവരുടെ സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെടുത്തി എ സി മിലാൻ വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി ഇറ്റാലിയൻ ലീഗിലെ പോയിന്റ് ടേബിളിൽ 21 മത്സരങ്ങളിൽ നിന്നും 45 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തു മുന്നേറുകയാണ്.

എന്നാൽ ഈ മത്സരത്തിന്റെ ആദ്യപകുതിയിൽ അസാധാരണ സംഭവങ്ങൾ ആണ് അരങ്ങേറിയത്, ഉദ്നിസെ ഫാൻസിന്റെ വംശീയ ചാന്റ്സ് സഹിക്കാൻ കഴിയാതെ എസി മിലാന്റെ ഫ്രഞ്ച് ഗോൾ കീപ്പറായ മൈക് മൈഗ്നാൻ മത്സരത്തിനിടയിൽ വെച്ച് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി. ഉദ്നിസെ ഫാൻസിന്റെ വംശീയ ചാന്റ്സ് അസഹനീയമായി തുടർന്നപ്പോൾ ആദ്യം റഫറിയോട് പറഞ്ഞ എസി മിലാൻ ഗോൾകീപ്പർ മത്സരം നിർത്തി കയറിപോയപ്പോൾ എസി മിലാനിലെ സഹതാരങ്ങളും മൈകിനോപ്പം ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 33 മിനിറ്റിലാണ് സംഭവം അരങ്ങേറുന്നത്, ഡ്രസ്സിംഗ് റൂമിലേക്ക് താരങ്ങൾ കയറി പോയെങ്കിലും കുറച്ചു നിമിഷങ്ങൾക്ക് ശേഷം താരങ്ങൾ തിരിച്ചു മൈതാനത്ത് എത്തിയപ്പോൾ 10 മിനിറ്റുകൾക്ക് ശേഷമാണ് മത്സരം വീണ്ടും പുനരാരംഭിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ നേടി മത്സരത്തിൽ എവെ ടീമായ എ സി മിലാൻ മുന്നിട്ടു നിൽക്കവെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്, എ സി മിലാൻ ഗോൾ നേടിയ തൊട്ടടുത്ത നിമിഷങ്ങളിലാണ് ഉദ്നിസെ ഫാൻസിനെ വംശീയ ചാന്റ്സുകൾ വരുന്നത്.

31 മിനിറ്റിൽ ഗോൾ നേടി തുടങ്ങിയ എസി മിലാനെതിരെ 42 മിനിറ്റിൽ ഗോൾ നേടിയ ഉദ്നിസെ ആദ്യപകുതി അവസാനിക്കുമ്പോഴേക്കും ഒരു ഗോളിന് സമനില സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 62 മിനിറ്റിൽ ഗോൾ സ്കോർ ചെയ്തുകൊണ്ട് ഉദ്നിസെ സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ലീഡ് നേടിയെടുത്തെങ്കിലും വമ്പൻ തിരിച്ചുവരവിലൂടെ എസി മിലാൻ മത്സരം സ്വന്തമാക്കി. 83, 93 മീനിറ്റുകളിൽ നേടിയ ഗോളുകളിലായിരുന്നു എ സി മിലാന്റെ ഗംഭീര തിരിച്ചുവരവ് നടന്നത്.

3/5 - (2 votes)