ഇരട്ട ഗോളുമായി പൗലോ ഡിബാല, ആദ്യ ഗോളുമായി ലുക്കാക്കു : ഏഴ് ഗോൾ ജയവുമായി റോമ |Paulo Dybala

ഇന്നലെ സീരി എയിൽ തുതായി സ്ഥാനക്കയറ്റം നേടിയ എംപോളിയെ ഏഴു ഗോളിന് കീഴടക്കി ഹോസെ മൗറീഞ്ഞോയുടെ റോമ.റൊമേലു ലുക്കാക്കുവും പൗലോ ഡിബാലയും അവരുടെ ആദ്യ മത്സരത്തിൽ ശക്തമായ കൂട്ടുകെട്ട് കാഴ്ചവച്ചു. ഡിബാല രണ്ടുതവണ വലകുലുക്കിയപ്പോൾ ചെൽസിയിൽ നിന്നും റോമയിൽ ചെന്നതിന് ശേഷമുള്ള തന്റെ രണ്ടാം മത്സരത്തിൽ ലുക്കാക്കു തന്റെ ആദ്യ ഗോൾ നേടി.

റെനാറ്റോ സാഞ്ചസ്, ബ്രയാൻ ക്രിസ്റ്റാന്റേ, ജിയാൻലൂക്ക മാൻസിനി എന്നിവരും ആൽബെർട്ടോ ഗ്രാസിയുടെ സെൽഫ് ഗോളുമാണ് റോമയുടെ ഈ സീസണിലെ ആദ്യ വിജയം ഉറപ്പിച്ചത്.മിലാനെതിരെ റോമയുടെ അവസാന മത്സരം ഡിബാലയ്ക്ക് പരിക്ക് മൂലം നഷ്ടമായിരുന്നു. ആ മത്സരത്തിലായിരുന്നു ലുക്കാക്കു റോമക്കായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ എംപോളി ഡിഫൻഡർ സെബാസ്റ്റ്യൻ വാലുകിവിച്ച്‌സിന്റെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഡിബാല രോമക്ക് മികച്ച തുടക്കമാണ് നൽകിയത്.

എട്ടാം മിനുട്ടിൽ റാസ്‌മസ് ക്രിസ്‌റ്റൻസെൻ നൽകിയ ക്രോസിൽ റെനാറ്റോ സാഞ്ചസ് ഹെഡ് ചെയ്ത് റോമയ്‌ക്കായുള്ള തന്റെ ആദ്യ ഗോൾ നേടി. 35 ആം മിനുട്ടിൽ ലുക്കാക്കുവിന്റെ മികച്ച പ്രകടനത്തെത്തുടർന്ന് ഗ്രാസ്സി ക്രിസ്റ്റാന്റിന്റെ സെൽഫ് ഗോളിൽ റോമ ലീഡ് ഉയർത്തി.ഇടവേളയ്ക്ക് ശേഷം 10 മിനിറ്റിനുള്ളിൽ ഡിബാല തന്റെ നേട്ടം ഇരട്ടിയാക്കി.ബോക്‌സിന്റെ പുറത്തു നിന്നും പന്ത് സ്വീകരിച്ച ഡിബാല ബോക്‌സിലേക്ക് കയറിയ ഉടനെ മികച്ചൊരു ഡ്രിബിളിംഗിലൂടെ രണ്ട് എംപോളി താരങ്ങളെ നിഷ്പ്രഭരാക്കി ഗോൾകീപ്പറെ കീഴടക്കി ഗോൾ നേടുകയായിരുന്നു.

നിമിഷങ്ങൾക്ക് ശേഷം താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങുകയും ചെയ്തു.അതിനു പിന്നാലെ അറുപത്തിനാലാം മിനുട്ടിൽ താരത്തെ പരിശീലകനായ മൗറീന്യോ പിൻവലിക്കുകയും ചെയ്‌തു. 79 ആം മിനുട്ടിൽ ആൻഡ്രിയ ബെലോട്ടിയുടെ അസിസ്റ്റിൽ നിന്നും ബ്രയാൻ ക്രിസ്റ്റാന്റേ റോമയുടെ അഞ്ചാം ഗോൾ നേടി.രണ്ട് മിനിറ്റിന് ശേഷം ലുകാകുവിന്റെ റോമക്കായുള്ള ആദ്യ ഗോൾ പിറന്നു.

86 ആം മിനുട്ടിൽ ക്രിസ്റ്റന്റെയുടെ അസിസ്റ്റിൽ ജിയാൻലൂക്ക മാൻസിനി റോമയുടെ ഏഴാം ഗോൾ നേടി.ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന റോമയുടെ വലയ തിരിച്ചുവരവാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.ആദ്യത്തെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.ഡിബാലക്കൊപ്പം ലുകാകുവും ഗോൾ നേടിയത് റോമക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

5/5 - (1 vote)