ഉറ്റസുഹൃത്തായ സുവാരസിനോടുള്ള ക്ലബിന്റെ പെരുമാറ്റം മെസ്സിയെ ദേഷ്യം പിടിപ്പിച്ചു?

എഫ്സി ബാഴ്സലോണയുടെ നെടുംതൂണായ ലയണൽ മെസ്സി ക്ലബ് വിട്ടേക്കും എന്ന വാർത്തകൾ മുമ്പെങ്ങും ഇത്ര വലിയ തോതിൽ ശക്തി പ്രാപിച്ചിട്ടില്ല. മുമ്പ് ബാഴ്സയുമായി ചില പടലപിണക്കങ്ങൾ ഉണ്ടായപ്പോഴെല്ലാം തന്നെ ഇത്പോലെയുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അതെല്ലാം തന്നെ പരിഹരിക്കുകയും മെസ്സി ക്ലബിൽ തന്നെ തുടരുകയുമാണ് ചെയ്തത്. എന്നാൽ ഇപ്രാവശ്യം അങ്ങനെയല്ല എന്നാണ് മാധ്യമങ്ങളും ഫുട്ബോൾ പണ്ഡിതരും വിലയിരുത്തുന്നത്. ആദ്യമായിട്ടാണ് മെസ്സി ഇത്രയും ശക്തമായ രീതിയിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതെന്ന് സ്പോർട്ടിന്റെ ജേണലിസ്റ്റുകൾ അറിയിച്ചിരുന്നു.

ബാഴ്സയുടെ മറ്റൊരു സൂപ്പർ താരമായ ലൂയിസ് സുവാരസിനോട് ക്ലബ് വിടാൻ ബാഴ്സ ആജ്ഞാപിച്ചിരുന്നു. തന്റെ ടീമിൽ സുവാരസിന് ഇടമില്ലെന്നും അതിനാൽ ഇനി ബാഴ്സയിൽ നിൽക്കേണ്ട ആവിശ്യമില്ലെന്നും കൂമാൻ നേരിട്ട് തന്നെ സുവാരസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത രീതിയിലാണ് സുവാരസ് നിലവിൽ ഉള്ളത്. ബാഴ്സലോണ തന്നോട് ഇത്ര വേഗത്തിൽ ക്ലബ്‌ വിടണമെന്ന് ആജ്ഞാപിക്കുമെന്ന് സുവാരസ് കരുതിയിരുന്നില്ല. ഇക്കാര്യം സുവാരസ് മെസ്സിയുമായി പങ്കുവെച്ചതായാണ് അറിയാൻ കഴിയുന്നത്.

കളത്തിനകത്തും കളത്തിന് പുറത്തും മെസ്സിയുടെ ഉറ്റസുഹൃത്താണ് ലൂയിസ് സുവാരസ്. പലപ്പോഴും അവധി ദിനങ്ങൾ പോലും ഇരുകുടുംബങ്ങളും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. ബാഴ്സയുടെ സുവാരസിനോടുള്ള ഈ നിലവാരം കുറഞ്ഞ പെരുമാറ്റം മെസ്സിയെ ദേഷ്യം പിടിപ്പിച്ചതായാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തത്. അതായത് ആറു വർഷക്കാലവും സുവാരസ് മികച്ച രീതിയിൽ തന്നെയാണ് ബാഴ്സയിൽ കളിച്ചത്. ഈ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം വേണ്ട വിധത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നുള്ളത് മാറ്റിനിർത്തിയാൽ ബാഴ്‌സയുടെ നിർണായകതാരങ്ങളിൽ ഒരാളായിരുന്നു സുവാരസ്. ഈ താരത്തോട് പെട്ടന്ന് ഒരു ദിവസം ഇറങ്ങി പോവാൻ പറഞ്ഞ രീതി ശരിയായില്ല എന്നാണ് മെസ്സിയുടെ അഭിപ്രായം. സുവാരസ് കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ടെന്നും സുവാരസിന് അടുത്ത സീസണിൽ കൂടി അവസരം നൽകാമെന്നുമാണ് മെസ്സി വിശ്വസിക്കുന്നത്. പക്ഷെ ക്ലബിന്റെ ഈ പെരുമാറ്റം മെസ്സിക്ക് ഇഷ്ടപ്പെട്ടില്ല എന്നതാണ് ബാഴ്സ വിടാൻ മെസ്സി ആലോചിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.

Rate this post