സെബാസ്റ്റ്യൻ ഹാലർ ; “യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്ര പുസ്തകത്തിൽ തന്റെ പേര് എഴുതിച്ചേർത്ത താരം “
ഡച്ച് ഫുട്ബോൾ ക്ലബ് അജാക്സിന്റെ ഐവറി കോസ്റ്റ് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ ചരിത്ര പുസ്തകത്തിൽ ഇടം നേടി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറാം റൗണ്ട് മത്സരത്തിൽ അജാക്സിന് വേണ്ടി സ്പോർട്ടിങ് ലിസ്ബണിനെതിരെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹാലർ, യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്ര പുസ്തകത്തിൽ തന്റെ പേര് എഴുതിച്ചേർത്തത്. തന്റെ ആദ്യ ചാമ്പ്യൻസ് ലീഗിലെ ആദ്യ ആറ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനാണ് അജാക്സ് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ. ഈ വർഷം ഹാലറും, 2017-18 സീസണിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയും മാത്രമാണ് ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ ആറ് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ്തത് എന്ന് ശ്രദ്ധേയമാണ്.
റൊണാൾഡോയുടെ നേട്ടത്തിനൊപ്പം എത്തിയതിന്റെ സന്തോഷം ഹാലർ ഒരു മാധ്യമത്തോട് പങ്കുവെക്കുകയും ചെയ്തു. മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം നേടിയ ഒരു ചാമ്പ്യൻസ് ലീഗ് ഗോൾസ്കോറിംഗ് റെക്കോർഡ് സ്ഥാപിച്ചതിൽ തനിക്ക് ശരിക്കും സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐവറി കോസ്റ്റ് ഇന്റർനാഷണൽ സെബാസ്റ്റ്യൻ ഹാലർ പറഞ്ഞു. “ഇത് ഒരുപാട് വലിയ നേട്ടമാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ, ഇത്രയും വലിയ നേട്ടങ്ങളിൽ എത്തുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. എനിക്ക് ശരിക്കും സന്തോഷവും അഭിമാനവുമുണ്ട്,” ഹാലർ സിഗ്ഗോ സ്പോർട്ട് ടെലിവിഷനോട് പറഞ്ഞു.
ബുണ്ടസ്ലിഗ ക്ലബ് ഫ്രാങ്ക്ഫുർട്ടിന്റെ താരമായിരുന്ന ഹാലറിനെ വലിയ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ്, 45 മില്യൺ പൗണ്ട് എന്ന ക്ലബ്ബിന്റെ എക്കാലത്തെയും റെക്കോർഡ് തുകയ്ക്ക് 5 വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ തന്റെ പ്രതിഭ തെളിയിക്കാൻ പരാജയപ്പെട്ടുപോയ ഹാലറിന്, വെസ്റ്റ് ഹാമിൽ 2 വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളു. തുടർന്ന്, ഡച്ച് ക്ലബ് അജാക്സിന്റെ എക്കാലത്തെയും റെക്കോർഡ് തുകയായ 22.5 മില്യൺ പൗണ്ടിന് ഹാലർ ഡച്ച് ക്ലബ്ബുമായി നാലര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
ഡച്ച് ക്ലബ്ബിൽ എത്തിയ ശേഷമുള്ള ഹാലറിന്റെ അപ്രതീക്ഷിത പ്രകടനം, ഡച്ച് മാധ്യമങ്ങളും ആഘോഷമാക്കി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറ് കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ ഹാലർ, ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമനാണ്. മാത്രമല്ല, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഗോൾ നേട്ടം ഇരട്ട സംഖ്യയിൽ എത്തിക്കുന്ന നാല് കളിക്കാരിൽ ഒരാളാണ് ഹാലർ. മറ്റ് മൂന്ന് പേർ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർമാർമാരായ ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് എന്നത് ശ്രദ്ധേയമാണ്.
1992 ൽ ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൺ തന്റെ അരങ്ങേറ്റ മത്സരത്തിൽ നാല് ഗോൾ നേടിയ ശേഷം, ഈ നേട്ടത്തിൽ എത്തുന്ന ആദ്യ കളിക്കാരനാണ് ഹാലർ. സെപ്റ്റംബറിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഒന്നാം റൗണ്ട് മത്സരത്തിൽ അജാക്സ് സ്പോർട്ടിംഗിനെ 5-1 ന് തോൽപിച്ച മത്സരത്തിൽ, 4 ഗോളുകൾ നേടിയായിരുന്നു ഹാലർ തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഈ മികവ് തുടർന്നാൽ, ഹാലർ വരുംകാല ഫുട്ബാളിൽ വാഴും എന്നുറപ്പാണ്.