ബാഴ്സയിലെ പ്രതിസന്ധി മുതലെടുത്ത് യുവന്റസ് താരത്തെ ചെൽസി റാഞ്ചിയേക്കും
ബാഴ്സയിലെ പ്രതിസന്ധി മുതലെടുത്ത് യുവന്റസ് താരത്തെ ചെൽസി റാഞ്ചിയേക്കും
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്ന യുവന്റസ് താരമായ മിറാലം പ്യാനിച്ചിനെ ചെൽസി സ്വന്തമാക്കുമെന്നു സൂചനകൾ. ഇറ്റാലിയൻ മാധ്യമമായ കൊറേറേ ഡെല്ലോ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ ഓഫർ താരം പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ ഫുട്ബോളിൽ പരിചയ സമ്പന്നനായ താരത്തെ ടീമിലെത്തിക്കാനാണ് ചെൽസി പ്യാനിച്ചിനെ നോട്ടമിടുന്നത്.
ബാഴ്സലോണയിലേക്കു ചേക്കേറാനാണു പ്യാനിച്ചിനു താൽപര്യമുണ്ടായിരുന്നതെങ്കിലും താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ കറ്റലൻ ക്ലബ് പിന്നിലേക്കു പോകുകയാണ്. ആർതർ മെലോയെ പകരം നൽകിയുള്ള ഡീലല്ലാതെ മറ്റൊന്നും യുവന്റസിനു സ്വീകാര്യമല്ല. യുവന്റസ് ആവശ്യപ്പെടുന്ന തുക നൽകാൻ ബാഴ്സക്കും കഴിയില്ല. ഈ അവസ്ഥ മുതലെടുത്താണ് പ്യാനിച്ചിനായി ചെൽസി ചരടുവലികൾ നടത്തുന്നത്.
കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ വിലക്കുണ്ടായിരുന്ന ചെൽസിക്ക് ഇത്തവണ താരങ്ങളെ സ്വന്തമാക്കുന്നതിൽ മുൻതൂക്കമുണ്ട്. ഹക്കിം സിയക്കിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ചെൽസി വെർണറുമായും കരാറിലെത്തിയെന്നു സൂചനകളുണ്ട്. യുവന്റസിൽ നിന്നു റൊണാൾഡോയെ റാഞ്ചാൻ ചെൽസി ഒരുങ്ങുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ ഉയർന്നു കേൾക്കുന്നുണ്ട്.