പിഴവുകൾ തിരുത്തി ആരാധകരുടെ പ്രതീക്ഷ കാത്ത് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കഴിയുമോ ?

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിലെ ആദ്യ വിജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത് കളിച്ച രണ്ട് മത്സരങ്ങളിലും ഉജ്ജ്വല ജയം നേടിയ ഒഡിഷ എഫ്സിക്കെതിരെയാണ്. സീസണിലെ ആദ്യ മത്സരം തോറ്റ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സമനില നേടിയാണ് ഒഡിഷയുടെ മുന്നിലെത്തുന്നത്. നിലവിലെ ഫോം മാത്രം പരി​ഗണിച്ചാൽ ബ്ലാസ്റ്റേഴ്സിനെ ഒഡിഷ തൂത്തുവാരിയെടുക്കുമെന്ന് പറയുന്നവരാണ് ഏറെയും.ആദ്യ മൂന്ന് മത്സര‌ങ്ങളിൽ രണ്ട് സമനിലയും ഒരു പരാജയവുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേടിയത്.

ഇന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനവും മൂന്ന് പോയിന്റുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ മികച്ച ഫോമിൽ ഉള്ള ഒഡീഷക്ക് എതിരെ വിജയിക്കുക ഒട്ടും എളുപ്പമായിരിക്കില്ല. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ് ഒഡീഷ.കേരള ബ്ലാസ്റ്റേഴ്സ് അവസാന രണ്ടു മത്സരങ്ങളിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാനും ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ ഡിഫൻസിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരങ്ങളിലെ പ്രകടനങ്ങൾ നല്ലതായിരുന്നു‌. അതിൽ ഊന്നിയാകും ഇന്നത്തെയും ടീമിന്റെ പ്രകടനം.

ഇന്ന് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ സാധ്യതയുണ്ട്. എടികെ മോഹൻ ബ​ഗാനോട് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ദയനീയമായ തോറ്റപ്പോൾ‍ ഏറ്റവുമധികം പഴികേട്ടത് പിൻനിരയാണ്. ഇതോടെ തൊട്ടടുത്ത മത്സരങ്ങളിൽ ആ പിഴവ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോലിച്ച് പരി​ഹരിച്ചു. മാർക്കോ ലെസ്കോവിച്ച്-എനെസ് സിപോവിച്ച് സെന്റർബാക്ക് ജോഡിയെ നിയോ​ഗിച്ചതോടെ പിൻനിര ശക്തമായി. ഇരുവരുടേയും മികവും പരിചയസമ്പത്തും ബ്ലാസ്റ്റേഴ്സിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചു. പക്ഷെ പിൻനിര ശക്തമായപ്പോൾ മുൻനിര ​ദുർബലമാകുന്ന കാഴ്ചയാണ് ബ്ലാസ്റ്റേഴ്സിൽ കാണുന്നത്.

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഫിനിഷിങ്ങാണ് പാളിയെതെങ്കിൽ ബെം​ഗളുരുവിനെതിരെ ആക്രമണം ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. അറ്റാക്കിങ് ഫുട്ബോളാണ് തന്റെ ശൈലിയെന്ന് ഇവാൻ ആവർത്തിക്കുന്നു. എന്നാൽ ബെം​ഗളുരുവിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കണ്ടവർ അത് പറയില്ല. അങ്ങേയറ്റം പ്രതിരോധശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് ​ഗോൾ അടിച്ചുകൂട്ടിയാണ് ഒഡിഷ ബ്ലാസ്റ്റേഴ്സിനെ നേരിടാനെത്തുന്നത്. അവർ ഇതിനൊപ്പം തന്നെ അഞ്ച് ​ഗോൾ വഴങ്ങിയെന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്.

ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനും അറ്റാക്കിനും ഇടയിൽ ഒരു ബാലൻസ് കണ്ടെത്തേണ്ടതുണ്ട് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അറ്റാക്ക് ചെയ്യുമ്പോൾ എതിർ ടീമുകൾക്ക് അറ്റാക്ക് ചെയ്യാൻ കേരളത്തിന്റെ ഡിഫൻസീവ് ഹാഫിൽ കൂടുതൽ സ്പേസ് വരുന്നു. അത് ഇല്ലാതാക്കാൻ ടീമിന്റെ അറ്റാക്കിനും ഡിഫൻസിനും ഇടയിൽ ഒരു സന്തുലിതമായ അവസ്ഥ വേണം എന്ന് പരിശീലകൻ പറഞ്ഞു.

ഇരുടീമുകളും 16 തവണയാണ് ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ നാല് തവണ ഒഡീഷയും വിജയം രുചിച്ചു. ഏഴ് മത്സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്. ആത്മവിശ്വാസം വീണ്ടെടുത്ത് സീസണില്‍ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് : ആൽബിനോ ഗോമസ്, ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, എനെസ് സിപോവിച്ച്, ജെസൽ കാർനെറോ, വിൻസി ബാരെറ്റോ, ജീക്സൺ സിംഗ്, ആയുഷ് അധികാരി, സഹൽ അബ്ദുൾ സമദ്; അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്.

ഒഡീഷ എഫ്.സി:കമൽജിത് സിംഗ്, ഹെൻഡ്രി ആന്റണയ്, വിക്ടർ മോംഗിൽ, ഹെക്ടർ റോഡാസ്, ലാൽറുഅത്തറ; വിനിത് റായ് (സി), തോയ്ബ സിംഗ്; ജെറി മാവിഹ്മിംഗ്താംഗ, ജാവി ഹെർണാണ്ടസ്, നന്ദകുമാർ സെക്കർ, അരിദായ് കബ്രേര.

4.4/5 - (15 votes)