” കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കണമെന്നാഗ്രഹവുമായി വുകോമനോവിച്ച്

18 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു പോരാട്ടത്തിന് നാളെ ഇറങ്ങുകയാണ്. മികച്ച ഫോമിലുള്ള ബംഗളുരു എഫ് സിയാണ് കേരളത്തിന്റെ എതിരാളികൾ. എന്നാൽ ബെംഗളൂരുവിനെതിരേ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിനായി ടീം ഒട്ടും ഒരുങ്ങിയിട്ടില്ലെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പത്ര സമ്മേളനത്തിൽ പറയുകയും ചെയ്തു.രണ്ടാഴ്ചയിലേറെ നീണ്ട ഹോട്ടൽ മുറി വാസത്തിന് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നാളെ കളിക്കളത്തിലിറങ്ങുന്നത്. ക്യാംപിലെ പകുതിയിലേറെപ്പേരെ ബാധിച്ച കോവിഡ്, ടീമിനെ മാനസികമായി തകർത്തുകളഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ​ഗ്രൗണ്ടിലിറങ്ങുമ്പോൾ മത്സരഫലത്തെക്കുറിച്ച് ടീമും പരിശീലകൻ ഇവാൻ വുകോമനോവിച്ചും ആലോചിക്കുന്നുപോലുമില്ല.

‘ഞങ്ങള്‍ എല്ലാ നിയന്ത്രങ്ങളും പാലിക്കുന്നുണ്ട്. ബയോ-ബബിളില്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പുതന്നതാണ് എന്നാൽ അതിനു വിള്ളൽ വീണു . നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. ടീം ക്യാംപില്‍ ഇപ്പോഴും കൊവിഡ് കേസുകളുണ്ട്. നാളെ മത്സരത്തിന് എത്ര താരങ്ങളുണ്ടാകുമെന്ന് ഉറപ്പില്ല. കബഡി മത്സരത്തിനുള്ള കളിക്കാരേ ടീമിൽ ഉളളൂ, ഫുട്ബോള്‍ മത്സരത്തിനാവശ്യമായവര്‍ ടീമിലില്ല. ലീഗ് അവസാനിപ്പിച്ച് മടങ്ങണമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഒഡിഷ ടീമിൽ കൊവിഡ് ബാധിതര്‍ ഉണ്ടായിട്ടും കളിക്കേണ്ടിവന്നു. കളിക്കാരുടെ ആരോഗ്യത്തെ കുറിച്ച് മാത്രമേ ആശങ്കയുള്ളൂ’ എന്നും വുകോമനോവിച്ച് പറഞ്ഞു.

കോവിഡ് ബാധിച്ച് ഹോട്ടൽ റൂമിൽ ഐസൊലേഷനിൽ കഴിയുമ്പോൾ ടീമിനോടുള്ള സ്നേ​ഹവും പിന്തുണയുമെല്ലാം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. ആരാധകരുടെ ഈ സ്നേഹപ്രകടനത്തിനും കരുതലിനും നന്ദി അറിയിച്ചിരിക്കുകയാണ് ഇവാൻ.സ്നേഹം ‍ഞങ്ങൾ ഇപ്പോൾ അറിയിക്കുകയാണ്, വൈകാതെ തന്നെ നിങ്ങളോരോരുത്തരേയും കാണാനാകുമെന്നും കൊച്ചിയിലെ കാണികൾ തിങ്ങിനിറഞ്ഞ് സ്റ്റേഡിയത്തിൽ കളിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു, ഇവാൻ പറഞ്ഞു.

രണ്ട് ആഴ്ച്ചയിലേറെയായി ടീം അംഗങ്ങളെല്ലാം ഐസൊലേഷനിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് താരങ്ങൾ പരിശീലനത്തിന് എത്തി തുടങ്ങിയത്. എന്നാൽ ടീമിൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് കേസുകൾ നിലവിലുണ്ടെന്നും ഇവാൻ വ്യക്തമാക്കി. കോവിഡ് ബേധമായ താരങ്ങൾ പലർക്കും ഇപ്പോഴും കോവിഡ് അനുബന്ധ അസുഖങ്ങൾ അലട്ടുന്നുണ്ടെന്നും, അതിനാൽ നാളത്തെ മത്സരത്തിന് തയ്യാറല്ലാത്ത താരങ്ങളെ നിർബന്ധിക്കാൻ ആവില്ലെന്നും കോച്ച് പറഞ്ഞു.

മുംബൈ , മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ടീമിന് പരിശീലനം പുനരാരംഭിക്കാനായത്. 11 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി ജംഷഡ്‌പൂര്‍ എഫ്‌സി എന്നിവർക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം . 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്താന്‍ തയ്യാറെടുക്കുന്നത്.

Rate this post