” ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറം കേരള ബ്ലാസ്റ്റേഴ്‌സ് ” ; കോച്ച്, താരങ്ങൾ, മാനേജ്മെന്റ് ആർക്ക് പറയണം നന്ദി ?

ഗ്യാലറികളിലെ ആരവം മൈതാനത്ത് പന്തിനു പിറകെ പായുന്ന കളിക്കാരന്റെ കാലുകളിൽ അഗ്നിയായി പടരുമ്പോഴാണ് കാൽപന്തുകളി അതിന്റെ അവിസ്മരണിയ മുഹൂർത്തങ്ങളിലേക്ക് വഴി മാറുന്നത്. ജയിച്ചവന്റെ സന്തോഷം ഗാലറികളിലെ ആരവവുമായി കൂടി ചേരുമ്പോൾ തോറ്റവന്റെ തേങ്ങലും ഇതേ ആരവത്തിൽ അലിഞ്ഞു പോകുന്നുവെന്നാണ് ഫുട്ബോൾ മതം. തോറ്റവൻ കണ്ണീരോടെയും ജയിച്ചവൻ സന്തോഷത്തോടെയും കളം വിടുമ്പോൾ പ്രാർഥിക്കുന്നത് ഒന്നു തന്നെയാണ്, അടുത്ത കളിയിലെ ജയം.

ഫുട്ബോളിന് വലിയ വേരോട്ടം ഒന്നും അവകാശപെടാൻ ഇല്ലാത്ത ഇന്ത്യയിൽ സൂപ്പർ ലീഗിന്റെ കഴിഞ്ഞ 8 വർഷങ്ങളായി ജയിക്കുമ്പോൾ ആവേശത്തിലാറാടി തോൽക്കുമ്പോൾ ചങ്കുപൊട്ടുന്ന വേദനയുമായി ടീമിനെ അത്രമാത്രം സ്നേഹിക്കുന്ന ഒരു ആരാധകകൂട്ടം ഉണ്ട് – മഞ്ഞപട. രണ്ട് തവണ ഫൈനലിൽ എത്തിയതും ഓർക്കാൻ സുഖമുള്ള കുറച്ച് മത്സരങ്ങളുടെ ഭാഗമായി എന്നതൊഴിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്. എൽ ചരിത്രത്തിലെ ശരാശരി ക്കാർ മാത്രമായിരുന്നു. എന്നാൽ കാലം എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരുപിടി നല്ല ഓർമകളാണ് എട്ടാം സീസണിൽ ഇതുവരെ കൊടുത്തത്.

മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും മൂന്ന് സമനിലയും വെറും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്താണ് ടീം. ഇന്ന് ഗ്യാലറികൾ അടഞ്ഞിരിക്കുക ആണെങ്കിലും വീടുകളിലും ക്ലബുകളിലും സ്ക്രീനുകളിലും ആ മഞ്ഞക്കുപ്പായക്കാർ മെക്സിക്കൻ തിരമാലകൾ പലവട്ടം മനസിൽ തീർത്തുകാണും. എവിടെയും എത്തില്ല എന്ന് വിരോധികൾ പറഞ്ഞ ടീം ഇതുവരെയുള്ള കണക്കിൽ ആറ് മത്സരങ്ങളായി തോൽവിയില്ലാതെ കുതിക്കുന്ന ബ്ലാസ്റ്റേഴിസിനെ കണ്ട് കടുത്ത ആരാധകർ പോലും ഇങ്ങനെ പറയുന്നു – എന്റെ ബ്ലാസ്റ്റേഴ്സ് ഇങ്ങനെയല്ല .

ആരോടാണ് ടീം ഇതിനൊക്കെ നന്ദി പറയേണ്ടത് – കോച്ച്, താരങ്ങൾ, മാനേജ്മെന്റ്, ആർക്ക് പറയണം നന്ദി ? കഴിഞ്ഞ കാലങ്ങളിൽ എല്ലാം ടീമിന് സംഭവിച്ചിരുന്ന ഒരു വലിയ പിഴവായിരുന്നു ഒരു താരത്തെ മാത്രം ആശ്രയിച്ച് തന്ത്രം മെനയുനത് .പോയ പല സീസണുകളിലും ടീമിന് വിനയായ ഈ തന്ത്രം ബ്ലാസ്റ്റേഴ്സ് അങ്ങ് തിരുത്തി – ഒരു സംഘമായി കളിക്കാൻ ടീം തുടങ്ങിയിരിക്കുന്നു. ടീം ഡഗ് ഔട്ട് മുതൽ കാണുന്ന ഒരു പോസിറ്റിവ് എനർജി വർഷങ്ങളായി കാണാക്കാഴ്ച്ച ആയിരുന്നു. ക്യാപ്ടന്റെ ബാന്റ് അണിഞ്ഞ് ജെസൽ ഉണ്ടെങ്കിലും, എല്ലാ താരങ്ങളും നായകന്മാരാണ്. അവർ പരസ്പരം പിന്തുണയ്ക്കുന്നു , പ്രോത്സാഹനങ്ങൾ നല്കുന്നു , ആഘോഷിക്കുന്നു. ഒരു ഗോളടിച്ചാൽ തിരിച്ച് അഞ്ചെണ്ണം വാങ്ങുന്ന ശീലം ഒഴിവാക്കി, ഒന്നിന് പിറകെ ഒന്നായി ഗോൾ വർഷം നടത്താൻ ടീം പ്രാപ്തരായിയിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് എല്ലാവർക്കും ഉള്ളതാണ്.

ഇതുവരെയുള്ള 7 മത്സരങ്ങളിലെ ചില കണക്കുകൾ നമുക്ക് ഒന്ന് നോക്കാം; ടോപ് സ്കോറർ പട്ടികയിൽ ആദ്യ പതിനഞ്ചിൽ മൂന്ന് കേരള താരങ്ങളാണ് ഉള്ളത്. അതായത് ഗോളടിക്കാൻ ഒരു താരത്തെ മാത്രം ആശ്രയിക്കുന്ന പഴയ ടിപ്പിക്കൽ ശൈലിയിൽ നിന്നും പ്രൊഫഷണൽ ശൈലിയിലേക്ക് ടീം മാറിയിരിക്കുന്നു. നിലവിൽ ഐ.എസ്.എലിൽ ഉള്ളതിലെ മികച്ച വിദ്ദേശ ത്രയമായ അൽവാരോ വാസ് കെസ് – പെരേര ഡയസ് – അഡ്രിയാൻ ലൂണ എന്നിവർ പരസ്പരം പിന്തുണയ്ക്കുന്നത് കണ്ടാൽ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരെ പോലെയാണ്. ഹൈ പ്രസ്സിങ്, പ്ലേമേക്കിങ്, ഗോളടി എന്നിവയിലൂടെ ഇതുവരെയുള്ള 7 മത്സരങ്ങളിൽ മൂന്ന് ഹീറോ ഓഫ് ദി മാച്ച് നേടിയ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ താരം തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിൽ ലൂണയും ഡിയസും വാസ്കസും ഒരുമിച്ചു വന്നതോടെ ടീമിന്റെ കളി വേറെ ഒരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്.ഇവർ മൂന്ന് പേരും ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വലിയ വിജയങ്ങൾ നേടുകയും ചെയ്തു.സെപോവിചിന് പരിക്കേറ്റത് കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ മൂന്ന് വിദേശ താരങ്ങളെ ഒരുമിച്ച് ഇറക്കിയത്. സെപോവിച് തിരികെ എത്തിയാൽ അറ്റാക്കിൽ നിന്ന് ഒരു താരത്തെ കുറക്കുമോ എന്ന ഭയം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ട്. എന്നാൽ വിന്നിങ് മൊമന്റം നിലനിർത്താൻ ആകും താൻ ശ്രമിക്കുക എന്ന് പരിശീലകൻ ഇവാൻ പറഞ്ഞത് ആരാധകർക്ക് ആശ്വാസമായി. ഡയസ് ടീമിലെത്തിയതോടെ മുന്നേറ്റത്തിൽ വാസ്കെസ് കൂടുതൽ സ്വാന്ത്ര്യം അനുഭവിക്കുനന്നതായി കണാൻ സാധിച്ചു.

ഒരാൾ ഗോളടിച്ചില്ലെങ്കിൽ മറ്റൊരാൾ സങ്കടപെടുന്ന അവസ്ഥ. ഈ മൂവർ സംഘത്തിന്റെ സൗഹ്യദത്തിൽ ഭാഗമായ ഇന്ത്യയുടെ ഭാവി വാഗ്ദാനം സഹലാകട്ടെ തനിക്ക് നേരെ ഉണ്ടായിരുന്ന പല വിമർശനങ്ങളും – ഓവർ ഡ്രിബ്ലിംഗും , സ്കില്ലുമെല്ലാം കുറച്ച് ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ രീതിയിൽ സഹൽ കളിമികവ് തുടർന്നാൽ സീസണിലെ ഹീറോയാകാൻ സാധ്യതയുള്ള താരമാണ് സഹൽ . ഇവരെ കൂടാതെ പ്രതിരോധകോട്ട കാക്കുന്ന സിപോ- ലെസ്ക്കോ സഖ്യം. സി പോക്ക് പരിക്കേറ്റപ്പോൾ ആ കുറവ് അറിയിക്കാത്ത ലെസ്ക്കോ ടീമിലെ വല്യേട്ടൻ റോൾ നിശബ്ദമായി ചെയ്യുന്നു. ആദ്യ കളികളിൽ വിമർശനം ഏറ്റുവാങ്ങിയ ഖബ്ര,ജിക്ക്സൻ എന്നിവരും ഫോമിലെത്തിയിരിക്കുന്നു.