വമ്പൻ തിരിച്ചു വരവ് നടത്തി ലിവർപൂൾ ; മികച്ച വിജയത്തോടെ ചെൽസിയും ,ടോട്ടൻഹാമും സെമിയിൽ ; തകർപ്പൻ ജയത്തോടെ ഇന്ററും ,മിലാനും ; നാപോളിക്ക് തോൽവി

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം നേടി ലിവർപൂൾ. 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഡൻ ഡെത്തിൽ ഗോൾ നേടി ജോട്ട ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.രണ്ട് തകർപ്പൻ സേവുകൾ നടത്തിയ ലിവർപൂളിന്റെ യുവ ഗോൾ കീപ്പർ കയോമിൻ കെല്ലെഹെർ രക്ഷകനായി.സലാഹ്, മാനെ, അലിസൺ തുടങ്ങിയ മുൻനിര താരങ്ങൾ ഇല്ലാതെയാണ് ചെമ്പട ക്വാർട്ടർ അങ്കത്തിന് ഇറങ്ങിയത്.നേരത്തെ ജാമി വാർഡി രണ്ട് ഗോളുകൾ നേടി ലെസ്റ്റർ സിറ്റിക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് അധികം താമസിയാതെ ചേമ്പർലൈനിലൂടെ ലിവർപൂൾ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മികച്ചൊരു ഗോളിലൂടെ മാഡിസൺ ലെസ്റ്റർ സിറ്റിയുടെ ലീഡ് 2 ഗോളായി ഉയർത്തുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ജോട്ടയിലൂടെ ഒരു ഗോൾ മടക്കിയ ലിവർപൂൾ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ മിനമിനോയിലൂടെ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.

ലീഗ് കപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്.മത്സരത്തിന്റെ 80ആം മിനുറ്റ് വരെ ചെൽസി ആക്രമണം തടയാൻ ബ്രെന്റഫോർഡിന് കഴിഞ്ഞെങ്കിലും ജാൻസന്റെ സെൽഫ് ഗോളിൽ ബ്രെന്റഫോർഡ് മത്സരത്തിൽ പിറകിലായി. പകരക്കാരനായി ഇറങ്ങിയ റീസ് ജയിംസിന്റെ ക്രോസിന് കാല് വെച്ച ജാൻസൺ സ്വന്തം ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ ചെൽസി താരം പുലിസിക്കിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ രണ്ടാമത്തെ ഗോളും വിജയവും ഉറപ്പിക്കുകയായിരുന്നു.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ടോട്ടൻഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചു.എസ് ബെർഗ്വിജൻ (29′), എൽ മൗറ (34′) എന്നിവർ ടോട്ടൻഹാമിന്‌ വേണ്ടി ഗോളുകൾ നേടിയപ്പോൾ ജെ ബോവൻ (32′) വെസ്റ്റ് ഹാമിന്റെ ഗോൾ നേടി,

ഇറ്റാലിയൻ ലീഗിൽ മേധാവിത്വം തുടർന്ന് നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാൻ.ഡച്ച് താരം ഡംഫ്രിസിന്റെ ഗോളിൽ ഇന്റർ ടൊറിനോ എഫ്സിയെ കീഴടക്കി. 2021-ലെ ഇന്ററിന്റെ 32-ാമത്തെ ലീഗ് വിജയമായിരുന്നു ഇത്.ഇന്റർ ബോക്‌സിന്റെ അരികിൽ ആരംഭിച്ച ഒരു കൌണ്ടർ അറ്റാക്ക് കൂളായി ഫിനിഷ് ചെയ്‌ത് 30 മിനിറ്റിനുശേഷം നെതർലൻഡ്‌സ് ഇന്റർനാഷണൽ ഡംഫ്രീസ് സ്‌കോർ ചെയ്തു.ടോറിനോ ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും തുടർച്ചയായ ആറാം ലീഗ് ക്ലീൻ ഷീറ്റ് നിലനിർത്താൻ ഇന്ററിനായി.നവംബറിലെ ഇന്റർനാഷണൽ ഇടവേളയ്ക്ക് ശേഷം ഇന്റർ ലീഗിൽ ശക്തമായ മുന്നേറ്റം നടത്തി, അവരുടെ ഏഴ് മത്സരങ്ങളിൽ 20 ഗോൾ നേടുകയും 2 ഗോൾ മാത്രമാണ് വഴങ്ങിയത്.2019-20 ലെ അറ്റലാന്റയ്ക്ക് ശേഷം ഒരു സീരി എ സീസണിലെ അവരുടെ ആദ്യ 19 മത്സരങ്ങളിൽ കുറഞ്ഞത് 49 ഗോളുകളെങ്കിലും നേടുന്ന ടീമായി ഇന്റർ മാറി. ഒന്നാം സ്ഥാനത്തുള്ള ഇന്ററിനു 19 മത്സരങ്ങളിൽ നിന്നും 46 പോയിന്റ് ആണുള്ളത്.

മറ്റൊരു മത്സരത്തിൽ എ സി മിലാൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് എംപോളിയെ പരാജയപ്പെടുത്തി. മിലാൻ വേണ്ടി മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സി ഇരട്ട ഗോളുകൾ നേടി. 12 ആം മിനുട്ടിൽ കെസ്സിയുടെ ഗോളിൽ മുന്നിലെത്തിയ മിലാനെ 18 ആം മിനുട്ടിൽ നെഡിം ബജ്‌റാമിയുടെ ഗോളിൽ സമനില പിടിച്ചു. 42 ആം മിനുട്ടിൽ കെസ്സി മിലാനെ വീണ്ടും മുന്നിലെത്തിച്ചു.അലസ്സാൻഡ്രോ ഫ്ലോറെൻസി ഫ്രീകിക്കും തിയോ ഹെർണാണ്ടസിന്റെ ഗോളും മിലൻറെ ലീഡ് വർധിപ്പിച്ചു. അവസാന മിനുട്ടിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് ആൻഡ്രിയ പിനമോണ്ടി ആതിഥേയർക്കായി ഒരു ഗോൾ കൂടി മടക്കി. ജയത്തോടെ മിലാൻ ഇന്ററിന് പിന്നിൽ 42 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ നേടിയ രണ്ടു ഗോളോടെ 2021-ലെ കേസ്സിയുടെ 13-ാം ലീഗ് ഗോളായിരുന്നു ഇത്, 2008-ൽ ബ്രസീലിയൻ ഇതിഹാസം കക്ക 15 റൺസ് നേടിയതിന് ശേഷം ഒരു കലണ്ടർ വർഷത്തിൽ ഒരു മിലാൻ മിഡ്ഫീൽഡർ നേടിയ ഏറ്റവും കൂടുതൽ ഗോളാണിത്.

സ്വന്തം തട്ടകത്തിൽ നാപ്പോളിക്ക് 1-0 ന് ഞെട്ടിക്കുന്ന തോൽവി, സ്പെസിയയോട് മൂന്നാം സ്ഥാനക്കാരായ നാപോളി തോൽവി വഴങ്ങിയത്.റോസോനേരിയെക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് നാപോളി. മറ്റൊരു മത്സരത്തിൽ റോമയും സാംപ്ഡോറിയയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ ലാസിയോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെനീസിയയെ പരാജയപ്പെടുത്തി.പെഡ്രോ (3′), എഫ് അസെർബി (48′), എൽ ആൽബെർട്ടോ (90’+5′) എന്നിവരാണ് ലാസിയോയുടെ ജോല്യ്ക്കൽ നേടിയത്.

Rate this post