അവസാന സ്ഥാനക്കാരോടും പിസ്ജിക്ക് ജയിക്കാനായില്ല; ബെൻസിമയുടെ ഇരട്ട ഗോളിൽ റയൽ ; തുടർച്ചയായ തോൽവിയുമായി അത്ലറ്റികോ മാഡ്രിഡ്

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക്‌ നിരാശ. പോയിന്റ് പട്ടികയിൽ 19 ആം സ്ഥാനത്ത് നിൽക്കുന്ന ലോറിയന്റിനോട് കരുത്തരായ പാരിസ് ടീം സമനില വഴങ്ങി. ഈ വർഷത്തെ അവസാന മത്സരത്തിൽ ജയം നേടാമെന്ന പിഎസ്ജി താരങ്ങളുടെ മോഹങ്ങൾക്ക്‌ എതിരാളികൾ വിലങ്ങുതടിയായി. മൗറീഷ്യോ പൊച്ചട്ടിനോയുടെ ടീമിനെ ഞെട്ടിച്ച് കളിയുടെ 40 ആം മിനിറ്റിൽ മോൺകോണ്ടിയൂട്ട് ലോറിയന്റിന് ലീഡ് സമ്മാനിച്ചു.

91 ആം മിനിറ്റിൽ അർജന്റീന സ്ട്രൈക്കർ മൗറോ ഇക്കാർഡി നേടിയ ലേറ്റ് ഗോളാണ് ഫ്രഞ്ച് വമ്പന്മാരെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസി സ്വാഭാവിക ശൈലിയിൽ കളിച്ചെങ്കിലും നിർഭാഗ്യം വേട്ടയാടി. മെസിയുടെ ഗോളെന്നുറച്ച മികച്ച നീക്കങ്ങൾ തലനാരിഴയ്ക്കാണ് ലക്ഷ്യം കാണാതെ പോയത്. പ്ലേ മേക്കറുടെ റോളിൽ തിളങ്ങിയ ലയണൽ മെസി തന്നെയാണ് മാൻ ഓഫ് ദി മാച്ച്. പകരക്കാരനായി വന്ന സ്പാനിഷ് സൂപ്പർ ഡിഫൻഡർ സെർജിയോ റാമോസ് 86 ആം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി മൈതാനം വിട്ടതോടെ 10 പേരുമായാണ് പിഎസ്ജി കളി അവസാനിപ്പിച്ചത്.

ലാ ലിഗയിൽ അത് ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. കരീം ബെൻസിമയുടെ ഇരട്ടഗോളുകളാണ് റയലിന്റെ വിജയം ഒരുക്കിയത്. കളി തുടങ്ങി 10 മിനിറ്റിനുള്ളിലായിരുന്നു ബെൻസിമയുടെ രണ്ട് ഗോളുകളും. അത് ലറ്റിക്കോയുടെ മറുപടി ഗോൾ സാൻകെറ്റ് സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തിൽ ബെൻസെമ തന്റെ പ്രൊഫഷണൽ കരിയറിലെ 400 ഗോൾ മാർക്ക് മറികടക്കുകയും ചെയ്തു. 4 ,7 മിനുട്ടുകളിലായിരുന്നു ബെൻസിമയുടെ ഗോൾ പിറന്നത്.19 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി ലാലിഗയിൽ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു റയൽ മാഡ്രിഡ്.രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ 8 പോയിന്റ് മുന്നിലാണ് അവർ.

മറ്റൊരു മത്സരത്തിൽ ല ലീഗ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ഗ്രനാഡ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗ്രാനഡയുടെ ജയം. തുടർച്ചയായ പരാജയങ്ങളോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ബോസ് ഡീഗോ സിമിയോണി കൂടുതൽ സമ്മർദ്ദം നേരിടുകയാണ്.2011-ൽ സിമിയോണി ചുമതലയേറ്റ ശേഷം ആദ്യമായി അത്‌ലറ്റിക്കോ തുടർച്ചയായി നാല് ലീഗ് മത്സരങ്ങളിൽ പരാജയപെടുന്നത്. ഒരു ഗോളിന് മുന്നിട്ടു നിന്നശേഷമാണ് അത്ലറ്റികോ മാഡ്രിഡ് തോൽവി ബാഴങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ ജോവോ ഫെലിക്‌സ് അത്ലറ്റികോയെ മുന്നിലെത്തിച്ചു.എന്നാൽ 15 മിനിറ്റിനുശേഷം ഡാർവിൻ മാച്ചിസിന്റെ തകർപ്പൻ ലോംഗ് ഷോട്ടിലൂടെ ഗ്രാനഡ സമനില പിടിച്ചു.

തളരാത്ത രണ്ടാം ഗോൾ നേടാൻ അത്ലറ്റികോ കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിശ്ചയദാർഢ്യത്തോടെ ഗ്രാനഡ പിടിച്ചു നിന്നു . രണ്ടാം പകുതിയിൽ ജോർജ് മോളിനയിലൂടെ ഗ്രെനാഡ വിജയം സ്വന്തമാക്കി.1973-ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരെ ഗ്രാനഡ നേടുന്ന ആദ്യ വിജയമാണിത്, 25-ഗെയിം വിജയരഹിതമായ പരമ്പര അവസാനിപ്പിച്ചു.ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ ആണ് അവർ വഴങ്ങിയത് .2021-2022 കാമ്പെയ്‌നിനിടെ അവർ ഒരേ ഘട്ടത്തിൽ എട്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 18 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചാമ്പ്യന്മാർ.

Rate this post