ഓട്ടമെന്റിയുടെ സ്റ്റുഡന്റായ എനിക്കാണോ ഹാലന്റിനെ പൂട്ടാൻ പണി? ക്രിസ്റ്റ്യൻ റൊമേറോ ചോദിക്കുന്നു

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ പ്രതിരോധക്കോട്ട ഭദ്രമായി കാത്തുസൂക്ഷിച്ച രണ്ട് കാവൽഭടന്മാരാണ് ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഓട്ടമെന്റിയും.ആദ്യ മത്സരത്തിൽ ഒരു അപ്രതീക്ഷിത തിരിച്ചടിയെങ്കിലും പിന്നീട് അങ്ങോട്ട് ഈ രണ്ടു താരങ്ങളും ഊർജ്ജസ്വലമായി കളിക്കുകയായിരുന്നു.എമി മാർട്ടിനസ് കൂടി ഫോമിന്റെ പാരമ്യതയിൽ എത്തിയപ്പോൾ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു.

വേൾഡ് കപ്പിന് ശേഷവും മികച്ച ഫോമിലാണ് ഡിഫൻഡർ ആയ റൊമേറോ കളിക്കുന്നത്.കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ ടോട്ടൻഹാമിന് സാധിച്ചിരുന്നു.ഹാരി കെയ്ൻ മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ നേടിയ ഏക ഗോളാണ് ടോട്ടൻഹാമിന് വിജയം സമ്മാനിച്ചത്.ആ മത്സരത്തിൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെ ഇടം വലം തിരിയാൻ അനുവദിക്കാതെ റൊമേറോ താഴിട്ടു പൂട്ടുകയായിരുന്നു.

ഹാലന്റിന് ഗോൾ നേടാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഒരു ഷോട്ട് പോലും എടുക്കാൻ സാധിച്ചിരുന്നില്ല.അതിന്റെ ക്രെഡിറ്റ് ഭൂരിഭാഗവും പോയത് റൊമേറയുടെ അക്കൗണ്ടിലേക്കാണ്.മത്സരത്തിന്റെ അവസാനത്തിൽ റെഡ് കാർഡ് വഴങ്ങിയെങ്കിലും അതൊന്നും മത്സരത്തെ ബാധിച്ചില്ല.25 ഗോളുകൾ ആകെ പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയ ഹാലന്റിന് റൊമേറോക്ക് മുന്നിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.

പുതുതായി നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് റൊമേറോയോട് ചോദിക്കപ്പെട്ടിരുന്നു.വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നൽകിയത്.താൻ നിക്കോളാസ് ഓട്ടമെന്റിയുടെ സ്റ്റുഡന്റാണ് എന്നാണ് റൊമേറോ പറഞ്ഞത്. താൻ ഇപ്പോഴും അദ്ദേഹത്തിൽനിന്ന് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റൊമേറോ കൂട്ടിച്ചേർത്തിട്ടുണ്ട്.അതായത് ഓട്ടമെന്റി എന്ന തന്റെ സഹതാരത്തെ അധ്യാപകനായി കൊണ്ടാണ് റൊമേറോ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ബെൻഫിക്കയുടെ താരമായ നിക്കോളാസ് ഓട്ടമെന്റിക്ക് ഒരുകാലത്ത് വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.പക്ഷേ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരുടെയും കൈയ്യടി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.അമ്പരപ്പിക്കുന്ന പ്രകടനമാണ് ഡിഫൻസിൽ ഈ മുൻ മാഞ്ചസ്റ്റർ സിറ്റി താരം പുറത്തെടുത്തിരുന്നത്.

Rate this post