അർജന്റൈൻ താരം സെവിയ്യയിൽ എത്തി, ഫലമായി റയൽ മാഡ്രിഡ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് !
സ്പോർട്ടിങ് സിപിയുടെ അർജന്റൈൻ ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്യൂന ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് വേണ്ടി പന്തു തട്ടും. ഇന്നലെയാണ് താരത്തെ തങ്ങൾ ക്ലബ്ബിൽ എത്തിച്ചതായി സെവിയ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാലു വർഷത്തെ കരാറിലാണ് താരം സെവിയ്യയിൽ എത്തിയിരിക്കുന്നത്. ഈ സീസണിൽ സെവിയ്യ സൈൻ ചെയ്യുന്ന അഞ്ചാമത്തെ താരമാണ് അക്യൂന. സുസോ, റാക്കിറ്റിച്ച്, ബൂനോ, ഓസ്‌കാർ റോഡ്രിഗസ് എന്നീ താരങ്ങളെ സെവിയ്യ മുൻപ് ടീമിൽ എത്തിച്ചിരുന്നു.
ആകെ പന്ത്രണ്ട് മില്യൺ യുറോക്കാണ് അക്യൂനയെ സെവിയ്യ സ്പോർട്ടിങ്ങിൽ നിന്നും എത്തിച്ചത്. കഴിഞ്ഞ സീസണിൽ സ്പോർട്ടിങ്ങിന് വേണ്ടി രണ്ടു ഗോളും നാലു അസിസ്റ്റും നേടാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ 27 മത്സരങ്ങളിൽ അർജന്റീന ജേഴ്സി അണിയാനും അക്യൂനക്ക് സാധിച്ചിട്ടുണ്ട്. മധ്യനിരയിലും കളിപ്പിക്കാൻ പറ്റിയ താരമാണ് അക്യൂന. താരത്തിന്റെ വരവ് സെവിയ്യക്ക് ഗുണം ചെയ്‌തേക്കും.
DONE DEAL KLAXON!
— footballespana (@footballespana_) September 14, 2020
Sevilla have signed Sporting CP left-back and Argentina international Marcos Acuna on a four-year contract.https://t.co/YJYurmUgUZ
അതേ സമയം അക്യൂനയുടെ വരവോടു കൂടി റയൽ മാഡ്രിഡ് താരം സെർജിയോ റെഗിലോണിന് ഇനി സെവിയ്യയിൽ സ്ഥാനമുണ്ടായേക്കില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തി സെവിയ്യക്ക് വേണ്ടി കളിച്ച താരമാണ് റെഗിലോൺ. യൂറോപ്പ ലീഗ് കിരീടം നേടാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുന്നതിലും നിർണായകപങ്ക് വഹിച്ച താരമാണ് റെഗിലോൺ. താരത്തിന് സെവിയ്യയിൽ തുടരാൻ താല്പര്യം ഉണ്ടായിരുന്നുവെങ്കിലും സെവിയ്യ അക്യൂനയുടെ വരവോടെ താരത്തെ കൈവിടും.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് റെഗിലോൺ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. താരത്തെ റയൽ കൈവിടുമെന്നുറപ്പാണ്. ഇരുപത്തിമൂന്നുകാരനായ താരം മികച്ച പ്രകടനമാണ് ലെഫ്റ്റ് ബാക്കിൽ കാഴ്ച്ചവെക്കുന്നത്. സെവിയ്യക്ക് വേണ്ടി 31 മത്സരങ്ങൾ താരം കളിച്ചിരുന്നു. 18-27 മില്യൺ പൗണ്ടുകൾക്കിടയിലുള്ള ഒരു തുകയാണ് താരത്തിന് വേണ്ടി റയൽ ആവിശ്യപ്പെടുക. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നല്ലൊരു താരത്തിന്റെ അഭാവം അനുഭവപ്പെടുന്ന യുണൈറ്റഡ് താരത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ്.