❝ അടക്കാനാവാത്ത ഫുട്‍ബോൾ അഭിനിവേശം അയാളുടെ കുറവുകളെ മായ്ച്ചുകളഞ്ഞ ആ രാത്രി ❞
2009 ലെ നവംബർ 8 ലോക ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർക്കേണ്ട തീയതിയാണ്. 2009 ലാ ലീഗ സീസണിൽ റയൽ സരഗോസ വലൻസിയയെ നേരിട്ടപ്പോൾ 50000 തിലധികം വരുന്ന സരഗോസ ആരാധകർക്ക് മുന്നിൽ 20 കാരനായ സ്പാനിഷ് താരം അലജാൻഡ്രോ അലക്സ് സാഞ്ചസ് പകരക്കാരനായി ഇറങ്ങിയപ്പോൾ കായിക ലോകത്ത് പുതിയ അധ്യായം കുറിക്കപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഒരു കൈ മാത്രമുള്ള ഒരു താരം പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നത് അന്നായിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവു മികച്ച സ്‌ട്രൈക്കറായിരുന്ന ഡേവിഡ് വില്ല, ഡേവിഡ് സിൽവ ,പാബ്ലോ ഹെർണാണ്ടസ് എന്നിവർക്കെതിരെയായിരുന്നു സാഞ്ചസിന്റെ അരങ്ങേറ്റം.
അലക്സ് സാഞ്ചെസിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷവും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസവും ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാരായ സമൂഹത്തിലെ ഏതൊരാൾക്കും ഒരു ദിവസം ഉണ്ടാവുമെന്നും തന്റെ കുറവുകൾ ഫുട്ബോൾ ലോകത്ത് ഒരു പ്രൊഫെഷണൽ ആവുന്നതിൽ തടസ്സമല്ലെന്നും അലക്സ് സാഞ്ചസ് തെളിയിച്ചു. വരും തലമുറക്ക് വലിയ പ്രോചോദനം നൽകുന്ന കായിക താരമായി മാറാനും സാഞ്ചസിനു സാധിച്ചു.
സരഗോസയുടെ റിസർവ് ടീമിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച സാഞ്ചസ് ഒരു സീസൺ കൊണ്ട് തന്നെ സീനിയർ ടീമിൽ ഇടം നേടി .റിസർവ് ടീമിനായി 10 കളികളിൽ നിന്ന് 12 ഗോളുകൾ സ്‌ട്രൈക്കർ ലാലിഗയിൽ മൂന്നു മത്സരങ്ങളിൽ ബൂട്ട് കെട്ടി. സരഗോസ റിസർവ് ടീമിനൊപ്പം 2011 വരെ ചിലവഴിച്ച സാഞ്ചസ് അടുത്ത സീസണിൽ സെഗുണ്ട ഡിവിഷൻ ബി ടീമായ സിഡി ടെറുവലിലും, ഒസാസനക്കു വേണ്ടിയും ജേഴ്സി അണിഞ്ഞു . 2018 ൽ ഓസ്‌ട്രേലിയയിലേക്ക് പോയ സാഞ്ചസ് സിഡ്‌നി ഒളിമ്പിക്സ് ക്ലബിന് വേണ്ടി കളിച്ചു. 2020 ൽ സ്പൈനിലേക്ക് തിരിച്ചെത്തിയ 31 കാരൻ സെഗുണ്ട ബി ഡിവിഷൻ ക്ലബ്ബിലാണ് കളിക്കുന്നത്.
ജനിക്കുമ്പോൾ തന്നെ വലതു കൈപ്പത്തി ഇല്ലാതിരുന്ന സാഞ്ചസിന്റെ സ്വപ്നമായിരുന്നു ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാവുക എന്നത്. തുടക്കം മുതൽ തന്നെ കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് സാഞ്ചസിനെ ഉയരങ്ങളിൽ എത്തിച്ചത്.ഒരു കൈ മാത്രമുള്ള കുട്ടി എന്ന നിലക്ക് അമേച്വർ മുതൽ പ്രൊഫഷണൽ വരെയുള്ള ചുവടുവെപ്പ് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാൽ സാഞ്ചസിന്റെ അർപ്പണബോധവും, കഠിനാധ്വാനവും, കളിയോടുള്ള പാഷനും എല്ലാം തന്റെ വൈകല്യത്തെ മറികടന്നപ്പോൾ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ കുറിച്ചു.
ലോകമെമ്പാടുമുള്ള എല്ലാ യുവ കായിക താരങ്ങൾക്കും മാതൃകയും പ്രചോദനവും ആകേണ്ട ജീവിതമാണ് സാഞ്ചസിന്റെ. കുറവുകളും ,വൈകല്യങ്ങളും ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിക്കുന്നതാണ് ഈ താരത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നത്. കളിയിൽ മാത്രമല്ല പഠനത്തിലും മികവ് പുലർത്തുനാണ് സാഞ്ചസ് പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദവും, ലോയിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.കായികരംഗത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.